കന്യാസ്ത്രീയുടെ മരണം: മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്

single-img
10 September 2018

പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ സൂസൺ മാത്യു മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അന്നനാളത്തിലും ശ്വാസകോശത്തിലും വെള്ളം കയറിയതാണ് മരണ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. വയറ്റിൽ നിന്ന് പാറ്റാഗുളികകളും കണ്ടെത്തി.

സൂസൻ മാത്യു കൈത്തണ്ട മുറിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ബ്ളേഡ് ഉപയോഗിച്ച് ഇടത് കൈത്തണ്ട ആദ്യം മുറിക്കുകയായിരുന്നു. പിന്നീട് വലത് കൈത്തണ്ടയും മുറിച്ചു. അതിന് ശേഷമായിരിക്കാം ഗുളികകൾ കഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പൊലീസിന് കൈമാറി. ഡോ. ശശികലയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്.

അതേസമയം, അന്വേഷണ സംഘം ഇന്നും മഠത്തിലെ കന്യാസ്ത്രീകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച മൊഴികളും ഒത്ത് നോക്കിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പൊലീസ് പറയുന്നത്.

മൗണ്ട് താബൂര്‍ ദേറയിലെ കിടപ്പുമുറിയില്‍ നിന്ന് 60 മീറ്റര്‍ ദൂരത്ത് കീഴ്ക്കാതൂക്കായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിണറിന്‍റെ ഭാഗത്തേക്ക് ഇരു കൈയിലേയും മുറിവുമായി കന്യാസ്ത്രീ എങ്ങനെ എത്തി എന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. സൂസണ്‍ മാത്യൂ മുടി മുറിച്ചത് എന്തിനായിരുന്നു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.