‘ഇനി ജനങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യം’; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍

single-img
10 September 2018

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയും ക്യാംപെയിന്‍ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഗുജറാത്തിലെയോ ബിഹാറിലെയോ ജനങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പ്പര്യം എന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു എന്ന മാധ്യമ വാര്‍ത്തയേയും അദ്ദേഹം നിഷേധിച്ചു.

ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് പ്രശാന്ത കിഷോര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. പക്ഷെ താന്‍ പ്രചാരണ രംഗത്ത് ഉണ്ടാവില്ല. ഗുജറാത്തിലോ ബീഹാറിലോ ഏറ്റവും താഴേക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് തനിക്ക് ആഗ്രഹം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി പ്രവര്‍ത്തിച്ചതിലൂടെ താന്‍ വലിയ തുക കൈപ്പറ്റി എന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

‘എന്നെയോ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റിയെയോ ആര്‍ക്കും വിലക്കെടുക്കാനാകില്ല. ഞങ്ങള്‍ ആര്‍ക്കെങ്കിലും വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സാമ്പത്തിക ഘടകങ്ങള്‍ കാരണമാകാറില്ല. മോദി ഞങ്ങളെ വിലക്കെടുക്കുകയല്ല ചെയ്തത്- ചോദ്യത്തിന് മറുപടിയായി പ്രശാന്ത് വ്യക്തമാക്കി.

2012ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിലും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയത്തിന്റെ സൂത്രധാരനായ പ്രശാന്ത് കിഷോര്‍ പിന്നീട് ബിജെപി വിട്ടുപോയിരുന്നു. തുടര്‍ന്ന് ബിജെപിയുടെ എതിരാളികളായ ബീഹാറിലെ മഹാസഖ്യത്തിനുവേണ്ടിയും കോണ്‍ഗ്രസിനു വേണ്ടിയും അദ്ദേഹം രാഷ്ട്രീയ തന്ത്രങ്ങളൊരുക്കി. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള അഭിപ്രായവ്യത്യാസമാണ് ബിജെപി വിടുന്നതിലേയ്ക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദിയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായ പല ക്യാമ്പെയിനുകളും പ്രശാന്തിന്റെ തലയില്‍ വിരിഞ്ഞവയായിരുന്നു. ജനങ്ങളുമായി സംവദിക്കാനുള്ള ചായ് പെ ചര്‍ച്ച, 3ഡി റാലി തുടങ്ങിയ ക്യാമ്പെയിനുകളെല്ലാം പ്രശാന്തിന്റെ സിറ്റിസെന്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേര്‍ണന്‍സ് (സിഎജി) ആണ് ചെയ്തത്. സമാനമായ പ്രചാരണ പരിപാടികളാണ് ബീഹാര്‍ തിരഞ്ഞെടുപ്പിലും ഫലം കണ്ടിരിക്കുന്നത്.

നേതാക്കളുടെ വ്യക്തിപരമായ ബ്രാന്‍ഡിങ്, രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കല്‍, പ്രചാരണം, രാഷ്ട്രീയ പ്രസംഗങ്ങള്‍, മറ്റു തന്ത്രങ്ങള്‍ എന്നിവ കൂടാതെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രശാന്ത് കിഷോര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സിഎജി പിരിച്ചുവിട്ടാണ് പ്രശാന്ത് ഐപിഎസി എന്ന പുതിയ സ്ഥാപനം ആരംഭിച്ചത്.