പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ് ഇന്ത്യയില്‍ പുറത്തിറങ്ങി: വില 7.14 ലക്ഷം രൂപ

single-img
10 September 2018

നെക്‌സോണ്‍ എസ്‌യുവിയുടെ ഒന്നാംവാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ ക്രേസിനെ ടാറ്റ അവതരിപ്പിക്കുന്നത്. 7.14 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ടാറ്റ നെക്‌സോണ്‍ ക്രേസിന് വില. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഒരുങ്ങുന്ന ക്രേസ് പതിപ്പില്‍ ക്രേസ്, ക്രേസ് പ്ലസ് എന്നീ രണ്ടു വകഭേദങ്ങള്‍ മാത്രമെ ലഭ്യമാവുകയുള്ളൂ.

1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുകളിലാണ് ടാറ്റ നെക്‌സോണ്‍ ക്രേസ് എഡിഷന്‍ അണിനിരക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍.

ട്രോംസോ ബ്ലാക് – സോണിക് സില്‍വര്‍ നിറങ്ങള്‍ ഇടകലരുന്ന നവീനമായ ശൈലിയാണ് നെക്‌സോണ്‍ ക്രേസില്‍ ടാറ്റ സ്വീകരിക്കുന്നത്. മേല്‍ക്കൂരയ്ക്ക് ഇരട്ടനിറമാണ്. പുറംമോടിയിലെന്നപോലെ എസ്‌യുവിയുടെ അകത്തളത്തിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പിയാനൊ ബ്ലാക് ഫിനിഷ് നേടിയ ഡാഷ്‌ബോര്‍ഡും നിയോണ്‍ ഗ്രീന്‍ നിറമുള്ള എസി വെന്റുകളും ക്രേസ് എഡിഷന് കൂടുതല്‍ സ്‌പോര്‍ടി ഭാവം നല്‍കുന്നു.

ലിമിറ്റഡ് എഡിഷനായതുകൊണ്ട് സെന്‍ട്രല്‍ കണ്‍സോളിലും ക്രേസ് ബാഡ്ജിംഗ് കാണാം. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും അലോയ് വീലുകളും നെക്‌സോണ്‍ ക്രേസ് അവകാശപ്പെടില്ല. അതേസമയം ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മടക്കാവുന്ന മിററുകള്‍, സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍, ഹാര്‍മന്‍ ഓഡിയോ സംവിധാനം എന്നിവയെല്ലാം നെക്‌സോണ്‍ ക്രേസിലുണ്ട്.