സംസ്ഥാനത്ത് ഹര്‍ത്താൽ തുടങ്ങി: ബസുകള്‍ക്ക് നേരെ കല്ലേറ്‌: കെഎസ്ആർടിസി സര്‍വീസ് നടത്തുന്നില്ല

single-img
10 September 2018

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. പലയിടങ്ങളിലും പുലര്‍ച്ചെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് വാഹന ഗതാഗതത്തില്‍ കുറവുണ്ടായിട്ടുണ്ട്. കെഎസ്ആർടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് ഹര്‍ത്താൽ തുടങ്ങും മുന്‍പെ ഇന്നലെ രാത്രി രണ്ടിടങ്ങളിൽ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

മലപ്പുറം പടിക്കലിൽ കെഎസ്ആര്‍ടിസി ബസിനു നേരെയാണ് കല്ലേറുണ്ടായത്. ബസിന്‍റെ ചില്ലുകൾ തകർന്നു. മൂന്നാറിൽ നിന്ന് ബെംഗളൂരിവിലേക്ക് പോവുകയായിരുന്നു ബസ്. തിരുവനന്തപുരം പാറശ്ശാലയിൽ തമിഴ്നാട് കോര്‍പ്പറേഷന്‍റെ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് അടിച്ചു തകര്‍ക്കുകയായിരുന്നു. കൊല്ലങ്കോട് നിന്നും മാർത്തണ്ഡത്തേക്ക് പോയ ബസിന് നേരെയായിരുന്നു ആക്രമണം.

അതേസമയം പ്രളയമുണ്ടായ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹര്‍ത്താലില്‍ തടസ്സമുണ്ടാകില്ലെന്ന് ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയെയും ആശുപത്രികള്‍, പത്രം, പാല്‍ തുടങ്ങിയ അവശ്യസേവനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.