ഹര്‍ത്താല്‍ ദിനത്തില്‍ ഗുരുവായൂരില്‍ നടന്നത് 137 വിവാഹങ്ങൾ

single-img
10 September 2018

ഹര്‍ത്താല്‍ ദിനത്തിലും വിവാഹ തിരക്കില്‍ മുങ്ങി ഗുരുവായൂര്‍. 137 വിവാഹങ്ങളാണ് ഇന്ന് നടന്നത്. ചിങ്ങമാസത്തിലെ തിങ്കളാഴ്ചയിലെ ഉത്രം നക്ഷത്രം വിവാഹത്തിന് ശുഭകരമാണെന്ന വിശ്വാസത്തിലാണ് ഈ ദിവസം കൂടുതല്‍ വിവാഹങ്ങളുണ്ടായത്. പ്രളയകാലത്ത് മാറ്റിവെച്ച പല വിവാഹങ്ങളും ഈ ദിവസമാണ് നിശ്ചയിച്ചിരുന്നത്. രാവിലെ ഒമ്പതിനും പത്തിനും മധ്യേയായിരുന്നു കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്.

വിവാഹം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നടത്തിയെങ്കിലും വിവാഹ വിരുന്നുകള്‍ പലരും മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ഉച്ചവരെ നഗരം തിരക്കിലമര്‍ന്നു. വിവാഹ ആവശ്യത്തിനെത്തിയവരുടെ വാഹനങ്ങള്‍ക്ക് തടസമൊന്നും ഉണ്ടായില്ല. ഞായറാഴ്ച രാത്രി തന്നെ നഗരത്തില്‍ തിരക്ക് തുടങ്ങിയിരുന്നു. ലോഡ്ജുകളും റസ്റ്റ് ഹൗസുകളും നിറഞ്ഞു കവിഞ്ഞതിനാല്‍ പലരും ക്ഷേത്രസന്നിധിയില്‍ തന്നെയാണ് രാത്രി കഴിച്ചു കൂട്ടിയത്.

പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞ് വാഹനങ്ങള്‍ റോഡരികിലെത്തി. ഹോട്ടലുകള്‍ അടഞ്ഞു കിടന്നതിനാല്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടായിരുന്നു ആശ്രയം. രാവിലെ ക്ഷേത്രത്തില്‍ നല്‍കുന്ന ഉപ്പുമാവും ചായയും ഒരു മണിക്കൂര്‍ കൂടി അധികമായി നല്‍കി. ഉച്ചക്ക് പ്രസാദ ഊട്ടും കൂടുതല്‍ പേര്‍ക്ക് കരുതിയിരുന്നു.