നാളത്തെ ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അവധി ദിവസത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന മറുപടി കിട്ടിയെന്ന് ടി.ജി മോഹന്‍ദാസ്: ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
9 September 2018

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു തിങ്കളാഴ്ച രാവിലെ ഒന്‍പതുമുതല്‍ മൂന്നുവരെ കോണ്‍ഗ്രസ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് യു.ഡി.എഫും എല്‍.ഡി.എഫും രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിച്ചെന്നും അവധി ദിവസത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന മറുപടിയാണ് കിട്ടിയതെന്നും ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ മേധാവി ടി.ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തു. ‘പലരുടേയും ആവശ്യപ്രകാരം ഹര്‍ത്താലിനെതിരെ ഒരു സ്റ്റേ ഓര്‍ഡര്‍ കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവധിദിവസത്തില്‍ പ്രവര്‍ത്തിക്കാനാവില്ല എന്ന് മറുപടി കിട്ടി. പിന്‍വാങ്ങി’ എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്.

ഇതോടെ സോഷ്യല്‍ മീഡിയ ടി.ജി മോഹന്‍ദാസിനെ ട്രോളിക്കൊല്ലുകയാണ്. ‘അവധി ആണെന്ന് അറിഞ്ഞോണ്ട് തന്നെ ചെന്നത് മണ്ടത്തരം. എന്നിട്ടാണോ അതു കണ്ട നാട്ടുകാരോട് മുഴുവന്‍ വിളിച്ചു പറഞ്ഞു വലിയ മണ്ടന്‍ ആവുന്നത്. കഷ്ടം’ എന്നാണ് മോഹന്‍ദാസിനെ കളിയാക്കിയുള്ള പ്രതികരണം.