വധുവിന്റെ വാട്‌സ്ആപ്പ് ചാറ്റ് പണിയായി; വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി

single-img
9 September 2018

വധുവിന്റെ പരിധി വിട്ട വാട്‌സ്ആപ്പ് ഉപയോഗം കാരണം വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. യുവതി വാട്‌സ്ആപ്പ് ചാറ്റിങ്ങില്‍ അധികസമയം ചിലവിടുന്നത് ശ്രദ്ധയില്‍ പെട്ടതു കൊണ്ടാണ് വിവാഹത്തില്‍ നിന്നൊഴിയുന്നതെന്ന് വരന്റെ ബന്ധുക്കള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനായി വധുവും ബന്ധുക്കളും കാത്തിരിക്കുന്നതിനിടെയാണ് വിവാഹത്തില്‍ താല്‍പര്യമില്ലെന്നറിയിച്ച് ഫോണ്‍വിളിയെത്തിയത്. എന്നാല്‍ അവസാനനിമിഷം വരനും ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെട്ടതാണ് വിവാഹം മുടങ്ങാനുള്ള കാരണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

65 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്ന് വധുവിന്റെ അച്ഛന്‍ ഉറോജ് മെഹന്ദി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹത്തില്‍ പങ്കെടുക്കാനായി ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേര്‍ എത്തിയിരുന്നെന്നും വരനെത്തുന്നതും കാത്തിരിക്കുന്നതിനിടെ വരന്റെ അച്ഛന്‍ വിവാഹത്തില്‍ നിന്ന് ഒഴിയുകയാണെന്ന് മാത്രം ഫോണില്‍ പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ പെണ്‍കുട്ടി വാട്‌സ്ആപ്പില്‍ എപ്പോഴും മെസേജുകള്‍ അയയ്ക്കുമായിരുന്നുവെന്നും വിവാഹത്തിനു മുമ്പ് ഇങ്ങനെ മെസേജുകള്‍ അയയ്ക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തതു കൊണ്ടാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്ന് വരന്റെ വീട്ടുകാര്‍ പോലീസിനെ അറിയിച്ചു.