അണക്കെട്ടുകള്‍ തുറന്ന് വിട്ടത് കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി

single-img
9 September 2018

അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. ഡാമില്‍ അധികമായി എത്തിയ ജലത്തില്‍ ഒരു ഭാഗം മാത്രമാണ് ഒഴുക്കി വിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി നിയന്ത്രത്തിന് കാരണം ഡാമുകളില്‍ ജലമില്ലാത്തത് അല്ല. പവര്‍ ഹൗസുകളിലെ കേടുപാടുകള്‍ കൊണ്ട് ഉത്പാദന കുറവ് ഉണ്ടായതാണ്. കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. നിലവില്‍ ഇടുക്കി ഡാമില്‍ ഉണ്ടായിരുന്ന വെള്ളം അതില്‍ തന്നെയുണ്ട്.

വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടി വരും. ചില നിയന്ത്രണങ്ങളൊക്കെ അപ്പോള്‍ വേണ്ടിവരുമെന്നും മണി പറഞ്ഞു. നൂറ്റാണ്ട് കൂടുമ്പോഴാണ് വലിയ പ്രളയം വരുന്നത്. കുറേയാളുകള്‍ മരിക്കും, കുറേയാളുകള്‍ ജീവിക്കും. നമ്മുടെ ജീവിത യാത്ര തുടരും. പ്രതിപക്ഷം പറയുന്നതുപോലെ പ്രളയം മനുഷ്യ സൃഷ്ടിയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.