കര്‍ണാടക മന്ത്രി ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്യുമെന്ന് അഭ്യൂഹം

single-img
9 September 2018

കര്‍ണാടകയില്‍ ജെ.ഡി.എസ് – കോണ്‍ഗ്രസ് കക്ഷികളെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്‌തേക്കുമെന്ന് അഭ്യൂഹം. ഡല്‍ഹിയിലെ വീട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത എട്ട് കോടി രൂപ കണ്ടെടുത്ത സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയലക്ഷ്യത്തോടെ ശിവകുമാറിനെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവെച്ചിരിക്കുകയാണെന്ന് സഹോദരനും എം. പി.യുമായ ഡി.കെ. സുരേഷ് ആരോപിച്ചു. സഖ്യസര്‍ക്കാര്‍ രൂപവത്കരണത്തില്‍ ശിവകുമാറാണ് നിര്‍ണായക പങ്ക് വഹിച്ചത്. ഇതാണ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ശിവകുമാറിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ ആദായനികുതി വകുപ്പിന് നല്‍കിയ കത്തും സുരേഷ് മാധ്യമങ്ങള്‍ക്ക് നല്‍കി. ഡി.കെ. ശിവകുമാറും സഹോദരന്‍ ഡി.കെ. സുരേഷും അഴിമതിയും ക്രമക്കേടും നടത്തിയതിന് തെളിവുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആദായനികുതി സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന് നല്‍കിയ കത്താണ് പ്രസിദ്ധപ്പെടുത്തിയത്.

ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിപ്പ് നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും സുരേഷ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍കണ്ട് ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി.യുടെ നീക്കത്തിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കമെന്ന് മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും ആരോപിച്ചു. എന്നാല്‍ ശിവകുമാറിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് കത്തെഴുതിയെന്ന ആരോപണം ബി.എസ്. യെദ്യൂരപ്പ നിഷേധിച്ചു.

അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശിവകുമാറിന്റെ ബെംഗളൂരുവിലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ്സെടുത്തിരുന്നു.