അഡീഷണല്‍ ചീഫ് സെക്രട്ടറിയും കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറും തമ്മില്‍ പോര് മുറുകുന്നു: പി.എച്ച് കുര്യന്റെ പരാമര്‍ശത്തില്‍ സിപിഐക്കും എതിര്‍പ്പ്

single-img
8 September 2018

നെല്‍കൃഷി കൂട്ടുന്നത് കൃഷി മന്ത്രിക്ക് എന്തോ മോക്ഷം പോലെയാണെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിനെതിരെ രംഗത്ത് വന്ന കുര്യന്റെ നടപടി ഗുരുതര അച്ചടക്ക ലംഘനമാണ്.

വ്യക്തി താല്‍പര്യങ്ങള്‍ കുര്യന്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കേണ്ട. നെല്‍കൃഷിയുടെ വിസ്തൃതി മൂന്ന് ലക്ഷം ഹെക്ടറിലേക്ക് വര്‍ധിപ്പിക്കുക എന്നത് ഇടതുപക്ഷത്തിന്റെ നയമാണ്. ആ നയം നടപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ മന്ത്രിയെ പരിഹസിക്കുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്.

കുട്ടനാട് കൃഷി അസാധ്യമാണെന്നൊക്കെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. സര്‍ക്കാര്‍ ചെലവില്‍ മണ്ടത്തരങ്ങള്‍ പറയാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രമിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പരിഹാസം അംഗീകാരമായാണ് കാണുന്നത്.

ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ അട്ടിമറിക്കാന്‍ കഴിയുന്നതല്ല ഇടതുപക്ഷ സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി.
നെല്‍വയല്‍ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള തീരുമാനം കൃഷി വകുപ്പ് മന്ത്രിക്ക് മോക്ഷം കിട്ടാനല്ലെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ കുര്യനെതിരെ പരാതി നല്‍കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

കോട്ടയത്ത് ഇന്നലെ നടന്ന ചടങ്ങിലായിരുന്നു പി.എച്ച് കുര്യന്റെ പരാമര്‍ശം. കുട്ടനാട്ടിലെ നെല്‍കൃഷി പരിസ്ഥിതിക്ക് വിരുദ്ധമാണ്. ഒപ്പം നഷ്ടവും. കര്‍ഷകര്‍ നെല്‍കൃഷി വിട്ട് മത്സ്യ കൃഷിയിലേക്കോ ടൂറിസത്തിലേക്കോ മാറണം. നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നത് കൃഷി വകുപ്പിനും കൃഷി മന്ത്രിക്കും എന്തോ മോക്ഷം കിട്ടുന്നത് പോലെയാണ് – ഇതായിരുന്നു കുര്യന്റെ പരാമര്‍ശം.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.എച്ച് കുര്യനെതിരെ സി.പി.ഐക്ക് നേരത്തെ തന്നെ നിരവധി പരാതികളുണ്ട്. റവന്യൂ മന്ത്രിയെ പോലും അവഗണിക്കുന്ന നിലപാടാണ് കുര്യന്‍ സ്വീകരിക്കുന്നതെന്ന് സി.പി.ഐക്കുള്ളില്‍ അഭിപ്രായം നിലനില്‍ക്കുമ്പോഴാണ് കൃഷി മന്ത്രിക്കെതിരായ കുര്യന്റെ പരാമര്‍ശം.