ഹ്യുണ്ടായി കാറുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ്!

single-img
8 September 2018

ഉത്സവകാല ഓഫര്‍ പ്രഖ്യാപിച്ച് വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി. പുതിയ ഓഫര്‍ പ്രകാരം ഒന്നര ലക്ഷം രൂപയുടെ വരെ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഇയോണ്‍, ഗ്രാന്‍ഡ് ഐ10, എക്‌സെന്റ്, ഐ20, വേര്‍ണ, എലാന്‍ഡ്ര, ട്രുസോണ്‍ എന്നീ മോഡലുകള്‍ക്കാണ് ഹ്യൂണ്ടായ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ ഓഫര്‍ പ്രകാരം എലാന്‍ട്രയില്‍ 1.30 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേടാം. പുതിയ എലാന്‍ട്രയില്‍ ആദ്യവര്‍ഷം കോമ്പ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും അടുത്ത മൂന്നുവര്‍ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും കമ്പനി സൗജന്യമായി ലഭ്യമാക്കും. എലാന്‍ട്ര പെട്രോളില്‍ 96,000 രൂപയും എലാന്‍ട്ര ഡീസലില്‍ ഒരുലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ മാത്രം കമ്പനി ഇളവ് നല്‍കുന്നത്. ഇതിനുപുറമെ 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും മോഡലില്‍ നേടാം.

ട്യുസോണില്‍ ഒന്നരലക്ഷം രൂപയുടെ ആനുകൂല്യമാണ് കമ്പനി ലഭ്യമാക്കുന്നത്. എലാന്‍ട്രയിലെന്നപോലെ ട്യൂസോണിലും ആദ്യവര്‍ഷം കോമ്പ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും അടുത്ത മൂന്നുവര്‍ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും കമ്പനി സൗജന്യമായി ഉറപ്പുവരുത്തും. ഇത്തരത്തില്‍ പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ 1.06 ലക്ഷം, 1.20 ലക്ഷം രൂപ എന്നിങ്ങനെ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇളവു ലഭിക്കും. 30,000 രൂപയാണ് ട്യുസോണിലുള്ള എക്‌സ്‌ചേഞ്ച് ബോണസ്.

ഹ്യുണ്ടായി എലൈറ്റ് ഐ20, ഐ20 ആക്ടിവ് മോഡലുകളില്‍ 30,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഓഫര്‍ ചെയ്തിരിക്കുന്നത്. മോഡലുകളില്‍ വിലക്കിഴിവുണ്ടായിരിക്കില്ല. എക്‌സ്‌ചേഞ്ച് ബോണസായി മാത്രമെ 30,000 രൂപയുടെ വരെ പരമാവധി ഇളവ് നേടാന്‍ കഴിയുകയുള്ളൂ. 70,000 രൂപ വരെയാണ് ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഓഫര്‍ ആനുകൂല്യങ്ങള്‍. ഇതില്‍ 50,000 രൂപ വിലക്കിഴിവായി കാറില്‍ നേടാം. ഇതിന് പുറമേ 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസായിയും ലഭിക്കും.

60,000 രൂപയാണ് വേര്‍ണയില്‍ ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുള്ള വിലക്കിഴിവ്. 20,000 രൂപയുടെ ആനുകൂല്യം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി വേര്‍ണയില്‍ ഒരുങ്ങും. 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഓഫര്‍ ആനുകൂല്യങ്ങളില്‍ പെടും. കോമ്പാക്ട് സെഡാന്‍ എക്‌സെന്റില്‍ 85,000 രൂപ വരെയാണ് ഹ്യുണ്ടായി നല്‍കുന്ന ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍. ഇതില്‍ 40,000 രൂപ വിലക്കിഴിവായും 45,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ഉപഭോക്താക്കള്‍ക്ക് നേടാം.

ഹ്യൂണ്ടായിയുടെ കുഞ്ഞന്‍ കാറായ ഇയോണില്‍ 55,000 രൂപയുടെ വരെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇയോണിന്റെ വകഭേദങ്ങളില്‍ മുഴുവന്‍ 40,000 രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ നേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

കടപ്പാട്; ഡ്രൈവ് സ്പാര്‍ക്ക്