ഇക്കോസ്‌പോര്‍ട് കാറുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു

single-img
8 September 2018

എസ്‌യുവിയുടെ പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളില്‍ നിര്‍മ്മാണപ്പിഴവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ നടപടി. 2017 നവംബറിനും 2018 മാര്‍ച്ചിനുമിടയില്‍ നിര്‍മ്മിച്ച 7,249 ഇക്കോസ്‌പോര്‍ട് പെട്രോള്‍ മോഡലുകളിലാണ് പ്രശ്‌നസാധ്യത കണ്ടെത്തിയിരിക്കുന്നത്.

അതിവേഗം ബാറ്ററി തീരുക, പെട്ടെന്നു ആക്‌സിലറേഷന്‍ കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളില്‍ തകരാറുള്ളതിന്റെ സൂചനയാണ്. തകരാര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ പരിഹരിക്കപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി.

പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു വിവരമറിയിക്കും. കമ്പനിയുടെ വെബ്‌സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചുവിളിച്ച കൂട്ടത്തില്‍ സ്വന്തം കാറുമുണ്ടോയെന്ന് ഉടമകള്‍ക്കും പരിശോധിക്കാം.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് മാറ്റങ്ങളോടെ പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തിയത്.
ഫോര്‍ഡ് കൂടി തിരിച്ചുവിളിക്കല്‍ നടപടികളിലേക്ക് നീങ്ങുമ്പോള്‍ കഴിഞ്ഞ നാലു മാസത്തിനിടെ എല്ലാം വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച ആകെ മോഡലുകളുടെ എണ്ണം ഒന്നരലക്ഷം കടക്കും.