നിഗൂഢതകള്‍ അവശേഷിപ്പിച്ച് അഗ്‌നിപര്‍വ്വതത്തിനുള്ളിലെ ആ പള്ളി

single-img
8 September 2018

സ്‌പെയ്‌നില്‍ അഗ്‌നിപര്‍വ്വതത്തിനുള്ളില്‍ നിഗൂഢതകള്‍ മാത്രം അവശേഷിപ്പിക്കുന്നൊരു പള്ളിയുണ്ട്. ആര് നിര്‍മ്മിച്ചതെന്നോ, ആരാണ് സംരക്ഷിച്ചിരുന്നതെന്നോ എന്ന് വ്യക്തമല്ലാത്ത ചെറിയൊരു പള്ളി. സ്‌പെയ്‌നില്‍ കാറ്റലോണിയിലെ സാന്റാ മര്‍ഗരീത്ത അഗ്‌നിപര്‍വ്വതത്തിനുള്ളിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.

ഒരു അഗ്‌നിപര്‍വ്വതത്തിനുള്ളില്‍ ഒരു പള്ളി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏകയിടം ഇതാകും. ബാര്‍സലോണയില്‍ നിന്നും ഏകദേശം 90 കിലോമീറ്റര്‍ അകലെയാണ് സാന്റാ മര്‍ഗരീത്ത. നാല്‍പതോളം അഗ്‌നിപര്‍വ്വതങ്ങള്‍ ചേര്‍ന്നൊരു ഇടമാണ് ഇത്. എന്നാല്‍, 11,000 ഓളം വര്‍ഷങ്ങളായി അവ ഒന്നും തന്നെ സജീവമല്ല. ലാ ഗരോക്‌സ വോള്‍ക്യാനിക് സോണ്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത്.

ഒരിക്കല്‍ മാത്രം സജീവമാകുന്ന തരം അഗ്‌നിപര്‍വ്വതങ്ങള്‍ ആയാണ് ഇവയെ കണക്കാക്കുന്നത്. 1428 ല്‍ ഇവിടെ അതിശക്തമായൊരു ഭൂകമ്പം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നുണ്ട്. അന്നേ ഈ പള്ളി ഇവിടെ ഉണ്ടായിരുന്നതായി രേഖകള്‍ പറയുന്നുണ്ട്. എന്നാല്‍ അന്നത്തെ ഭൂകമ്പത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച ശേഷം പിന്നീട് 1865 ലാണ് ഈ പള്ളി പുതുക്കിപണിതത്.

ആദ്യത്തെ പള്ളിക്ക് ഏകദേശം 600 വര്‍ഷമെങ്കിലും പഴക്കമുണ്ടാകും എന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ആരാണ് ഈ ദേവാലയം നിര്‍മ്മിച്ചതെന്നോ ഇവിടെ ആരാധനകള്‍ നടന്നിട്ടുണ്ടോ എന്നൊന്നും ഇതുവരെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

റോമന്‍ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള സാന്റാ മര്‍ഗരീത്ത പള്ളിയില്‍ ശുശ്രൂഷകളൊന്നും തന്നെ ഇപ്പോള്‍ നടക്കുന്നില്ല. റോമനെസ്‌ക്യൂ ആര്‍ക്കിട്ടെക്ച്ചര്‍ മാതൃകയിലാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റപെട്ടു കിടക്കുന്ന ഈ സ്ഥലത്ത് എത്തിപെടാന്‍ തന്നെ വലിയ പ്രയാസമാണ്. എങ്കിലും ഈ അഗ്‌നിപര്‍വ്വതത്തിനുള്ളില്‍ പണിത ഈ അപൂര്‍വ്വപള്ളി കാണാനും ഇവിടുത്തെ പ്രകൃതി സൗന്ദര്യം നുകരാനും ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്താറുണ്ട്.