രാഹുല്‍ ഗാന്ധിയുടെ കൈലാസ മാനസസരോവര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്; ഫോട്ടോഷോപ്പെന്ന് ബി.ജെ.പി

single-img
7 September 2018

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈലാസ മാനസസരോവര്‍ യാത്രയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. രാഹുല്‍ ഗാന്ധി മാനസസരോവര്‍ യാത്രക്കിടെ ക്യാമ്പില്‍ സമയം ചെലവിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാഹുലിനൊപ്പമുള്ള ചിത്രങ്ങള്‍ മറ്റ് തീര്‍ത്ഥാടകരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

12 ദിവസത്തെ മാനസസരോവര്‍ യാത്രയ്ക്കായ് ഓഗസ്റ്റ് 31 നാണ് രാഹുല്‍ ഗാന്ധി യാത്ര തിരിച്ചത്. എന്നാല്‍ ചിത്രങ്ങള്‍ വ്യാജമാണെന്നും ഫോട്ടോഷോപ്പാണെന്നുമാണ് ബി.ജെ.പി ആരോപണം. കേന്ദ്രസഹമന്ത്രി ഗിരിരാജ് സിങ്ങ് അടക്കമുള്ളവര്‍ ഈ ആരോപണവുമായി രംഗത്തെത്തി.

ഒരു വാക്കിംഗ് സ്റ്റിക്കുമായി മറ്റൊരു തീര്‍ത്ഥാടകനൊപ്പം രാഹുല്‍ നില്‍ക്കുന്ന ഫോട്ടോ ഫോട്ടോഷോപ്പാണെന്നാണ് ഗിരിരാജ് സിങ്ങിന്റെ ആരോപണം. ചിത്രത്തില്‍ രാഹുലിന്റേയും കൂടെയുള്ള ആളുടേയും നിഴല്‍ കാണുന്നുണ്ടെന്നും എന്നാല്‍ വാക്കിംഗ് സ്റ്റിക്കിന്റെ നിഴല്‍ കാണുന്നില്ലെന്നും അതുകൊണ്ട് ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്നുമാണ് മന്ത്രിയുടെ ആരോപണം.

ഇതിനിടെ ഇവിടെ വെറുപ്പില്ലെന്ന അടിക്കുറിപ്പോടെ മാനസസരോവര്‍ തടാകത്തിന്റെ ചിത്രം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. ട്രക്കിങിന് മാത്രമാണ് രാഹുല്‍ യാത്ര നടത്തുന്നതെന്നായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രതികരണം. രാഹുലിന്റെ ട്വീറ്റിലെ അത് എന്ന പ്രയോഗം ശിവനെ അധിക്ഷേപിക്കലാണെന്നും അമിത് ആരോപിച്ചു. ഇതിന് മറുപടിയായി കൈലാസത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ശിവനാണ് പ്രപഞ്ചമെന്നും രാഹുല്‍ ഇന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.