ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ടും ഹരീഷ് കുമാറിന് അവഗണന: ജീവിക്കാന്‍ ഇപ്പോഴും ചായക്കട തന്നെ ശരണം

single-img
7 September 2018

ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ കാലുകൊണ്ടുള്ള വോളിബോള്‍ എന്നറിയപ്പെടുന്ന സെപക് ടാക്രോയില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ താരമാണ് ഹരീഷ് കുമാര്‍. അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചിട്ടും കുടുംബം പുലര്‍ത്താന്‍ ഇപ്പോഴും അച്ഛനൊപ്പം ചായക്കടയില്‍ ജോലി ചെയ്യുകയാണ് ഹരീഷ്.

”എന്റെ കുടുംബത്തില്‍ അംഗങ്ങള്‍ കൂടുതലാണ്. വരുമാനമോ തീരെ കുറവും. കുംടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ അച്ഛനെ ചായക്കടയില്‍ സഹായിക്കേണ്ടതുണ്ട്. ഇതിനിടയ്ക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെയുള്ള സമയമാണ് ഞാന്‍ പരിശീലനത്തിനായി മാറ്റിവെയ്ക്കുന്നത്.

എനിക്ക് എന്റെ കുടുംബത്തെ സഹായിക്കാന്‍ ഒരു നല്ല ജോലി നേടണം”, ഹരീഷ് പറയുന്നു. 2011ലാണ് ഹരീഷ് സെപക് ടാക്രോയിലേക്ക് തിരിയുന്നത്. കോച്ച് ഹേമരാജാണ് ഹരീഷിനെ ഇതിലേക്ക് വഴിതിരിച്ചുവിടുന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഹരീഷിനെ പരിചയപ്പെടുത്തുന്നതും ഹേമരാജാണ്.

സായിയില്‍ ചേര്‍ന്നതിനു ശേഷമാണ് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായവും കിറ്റുകളും ഹരീഷിന് ലഭിക്കുന്നത്. ഓട്ടോ ഡ്രൈവറാണ് ഹരീഷിന്റെ പിതാവ്. ഓട്ടോ ഓടിച്ച ശേഷമാണ് ചായക്കട തുറക്കുന്നതും. പരാധീനതകളുണ്ടെങ്കിലും ഏഷ്യന്‍ ഗെയിംസിനായുള്ള ഒരുക്കങ്ങള്‍ക്കിടെ ഭക്ഷണവും താമസവും ഉറപ്പിച്ച സര്‍ക്കാരിന് നന്ദി പറയാനും ഈ അവസരത്തില്‍ ഹരീഷിന്റെ മാതാവ് മറന്നില്ല.

ചെറുതെങ്കിലും പ്രതിമാസ സാമ്പത്തിക സഹായവും സ്‌പോര്‍ട്‌സ് കിറ്റും നല്‍കുന്നതില്‍ സായിയോടുള്ള നന്ദി ഹരീഷിന്റെ സഹോദരന്‍ ധവാന്‍ മറച്ചുവെക്കുന്നില്ല. എങ്കിലും സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ ഹരീഷിന് കൂടുതല്‍ തന്റെ കായികയിനത്തില്‍ ശ്രദ്ധിക്കാനാകുമെന്നതും സഹോദരന്‍ മറച്ചുവെക്കുന്നില്ല.