എയര്‍ ഇന്ത്യ വിമാനം റൺവേ മാറി ഇറങ്ങി: യാത്രക്കാര്‍ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
7 September 2018

തിരുവനന്തപുരത്ത് നിന്നും മാലി ദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച് ഉച്ച തിരിഞ്ഞ് 3.55നാണ് സംഭവം. വെലാന വിമാനത്താവളത്തിൽ നിർമാണത്തിലുള്ള പുതിയ റൺവേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിർത്തിയിട്ടിരുന്നു.

ഇറങ്ങിയ റൺവേയിൽ കിടന്നിരുന്ന ടാർപോളിനിൽ ചക്രം കുടുങ്ങി വിമാനം നിന്നതിനാൽ വൻ അപകടം ഒഴിവായി. എയര്‍ബസ് എ 320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. നൂറിലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്.

ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മാലിദ്വീപ് വ്യോമയാന നിയന്ത്രണ അതോറിറ്റി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.വിമാനം പറത്തിയ രണ്ടു പൈലറ്റുമരേയും ജോലിയില്‍ നിന്ന് ഒഴിവാക്കി.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യൻ വിമാനം വിദേശത്ത് തെറ്റായ റൺവേയിൽ ഇറങ്ങുകയോ പുറപ്പെടുകയോ ചെയ്യാൻ ശ്രമിക്കുന്നത്.