കിടപ്പറയില്‍ സര്‍ക്കാറിനെന്ത് കാര്യം?: സുപ്രീംകോടതി വിധിയില്‍ ശശി തരൂര്‍

single-img
6 September 2018

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍ എംപി. വിധി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതും ഇന്ത്യയുടെ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.

വിധി ചരിത്രപ്രധാനമാണെന്നും ശശി തരൂര്‍ പറഞ്ഞു. ഈ രാജ്യത്ത് എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. എല്ലാവര്‍ക്കും അവരവരുടെ വീടിനകത്ത് അവരവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാന്‍ അവകാശമുണ്ട്. മനുഷ്യന്റെ അന്തസിനെ മാനിക്കുന്ന വിധിയാണിത്.

ഏത് സര്‍ക്കാരിനും ജനങ്ങളുടെ ബെഡ്‌റൂമിലും വീട്ടിലും കടന്ന് കയറാനുള്ള അവകാശമില്ല. ജനാധിപത്യത്തില്‍ സ്വകാര്യ ജീവിതത്തിന് അവകാശമുണ്ട്. അതില്‍ സര്‍ക്കാരിന് അഭിപ്രായം പറയാനോ അത് ക്രിമിനല്‍ കുറ്റമാക്കി അവരെ അറസ്റ്റ് ചെയ്യാനോ അവകാശമില്ല.

അതാണ് ഇന്ന് കോടതി വ്യക്തമാക്കിയത്. ഞാന്‍ പാര്‍ലമെന്റിലും ഇതാണ് പറയാന്‍ ശ്രമിച്ചത്. സമത്വവും സ്വകാര്യതയും അന്തസും എല്ലാവര്‍ക്കും വേണം. ചിലര്‍ അതിനെ വെറും സെക്‌സിന്റെ വിഷയമാക്കിയാല്‍ ശരിയാകില്ല. ഇത് രാജ്യത്തിന്റെ ഭരണഘടനയുടെ വിഷയമാണ്തരൂര്‍ കൂട്ടിച്ചേര്‍ത്തു.