മൂക്കുംകുത്തി വീണ് രൂപ: ഇതാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 72 ആയി

single-img
6 September 2018

മുംബൈ: രൂപയുടെ മൂല്യമിടിവ് തുടരുന്നു. ഉച്ചയ്ക്ക് ഡോളറിനെതിരെ രൂപയുടെ മൂല്യം 72.12ലെത്തി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 9 പൈസ തിരിച്ചുപിടിച്ച് രൂപ നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടങ്ങോട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 71.75 ആയിരുന്നു ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം. എന്നാല്‍ ഇന്ന് ഉച്ചയോടെ മൂല്യം 72 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കെത്തി. അവിടെ നിന്ന് വീണ്ടും 12 പൈസയുടെ മൂല്യം നഷ്ടപ്പെട്ട് 72.12 രൂപയില്‍ വ്യാപാരം എത്തി.

ചുരുക്കത്തില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ വിനിമയ മൂല്യം ഈ വാരം 73 രൂപവരെ എത്തിയേക്കുമെന്ന കണക്ക് കൂട്ടലില്‍ ചില വ്യാപാരികള്‍ ഡോളറുകള്‍ വാങ്ങിക്കൂട്ടുന്നത് രൂപക്ക് തിരിച്ചടിയാകുന്നതായി വിലയിരുത്തലുണ്ട്.

അസംസ്‌കൃത എണ്ണവില വര്‍ധനവിനെതുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈവര്‍ഷം ജനുവരി ഒന്നിനും സെപ്റ്റംബര്‍ നാലിനുമിടയില്‍ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. യുഎസ്, ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ആശങ്കകളും തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രാജ്യത്തെ കറന്‍സിക്ക് തിരിച്ചടിയായി.