രണ്ട് മക്കളെ കൊലപ്പെടുത്തി ഭാര്യ കാമുകനൊപ്പം ഇറങ്ങിപ്പോയി; കൊടുംക്രൂരതയ്ക്ക് മുന്നില്‍ മനസ് മരവിച്ച വിജയിയെ ആശ്വസിപ്പിച്ച് രജനീകാന്ത്

single-img
6 September 2018

ഭാര്യയുടെ കൊടുംക്രൂരതയ്ക്ക് മുന്നില്‍ മനസ് മരവിച്ച തമിഴ്‌നാട്ടുകാരനായ വിജയിയെ സാന്ത്വനിപ്പിക്കാന്‍ ഒടുവില്‍ രജനീകാന്തെത്തി. എട്ടുവര്‍ഷം പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യ അഭിരാമി മക്കളെ വിഷം കൊടുത്ത് കൊന്ന് കാമുകനായ സുന്ദരത്തിനൊപ്പം കേരളത്തിലേക്ക് താമസിക്കാന്‍ ഒളിച്ചോടിയ സംഭവം വിജയുടെ മനസ്സിന്റെ താളം തെറ്റിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ആരാധകന് സാന്ത്വനവുമായി രജനിയെത്തിയത്. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. രജനിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൊല്ലപ്പെട്ട തന്റെ മക്കളും രജനിയുടെ കടുത്ത ആരാധകരായിരുന്നെന്ന് ഈ അച്ഛന്‍ ചങ്ക്‌പൊട്ടി പറഞ്ഞു.

കാലാ എന്ന സിനിമ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നെന്നും ചിത്രത്തിലെ ഡയലോഗുകള്‍ വെച്ച് മക്കള്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്‌സ്മാഷ് വീഡിയോകളും ചെയ്തിരുന്നതായി വിജയ് പറഞ്ഞപ്പോള്‍ രജനിയും കേട്ടുനിന്നവരും കണ്ണീര്‍ പൊഴിച്ചു.

തമിഴ്‌നാട്ടിലെ കുണ്ട്രത്തൂരിലായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയും അഭിരാമിയും എട്ടു വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. മക്കളെ വിഷം കൊടുത്തു കൊന്ന ശേഷം കാമുകനൊപ്പം ജീവിക്കാനായിരുന്നു അഭിരാമിയുടെ തീരുമാനം.

അടുത്തയിടെയായിരുന്നു പുതിയ വീടു വാങ്ങി കുണ്ട്രത്തൂരിലെ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റിലേയ്ക്ക് മാറിയത്. ചെറിയ കുടുംബ പ്രശ്‌നങ്ങളെ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് വീടിനടുത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി പ്രണയത്തിലായത്.

അങ്ങിനെ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ഇതിനായി വിജയിയെയും മക്കളെയും കൊല്ലാന്‍ പദ്ധതിയിട്ടു. വെള്ളിയാഴ്ച രാത്രി അഭിരാമി വിഷവുമായി കാത്തുനിന്നു. ബാങ്കിലെ തിരക്കുകാരണം വിജയ് വരാന്‍ വൈകുമെന്നറിയിക്കുകയും ഇതിനെ തുടര്‍ന്നു മക്കള്‍ക്കു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം വീടുവിട്ടിറങ്ങുകയുമായിരുന്നു.

വിജയ് പുലര്‍ച്ചെ അഞ്ചു മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മക്കളെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. അഭിരാമിയുടെ മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ നാഗര്‍കോവിലിലെ ലോഡ്ജില്‍ നിന്നും പിടികൂടി.

കോയമ്പേട് ബസ് ടെര്‍മലിന് സമീപം ഇരുചക്രവാഹനം ഉപേക്ഷിച്ച് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്നു അഭിരാമി. എന്നാല്‍ കാമുകന്‍ സുന്ദരം ചെന്നൈയില്‍ തങ്ങി. പൊലീസ് അന്വേഷണമടക്കമുള്ള കാര്യങ്ങള്‍ അറിഞ്ഞശേഷം അഭിരാമിക്കൊപ്പം ചേരുകയായിരുന്നു ലക്ഷ്യം. അതുവരെ അഭിരാമിയോട് നാഗര്‍കോവിലില്‍ താമസിക്കാനും പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ വച്ച് സുന്ദരത്തെയും അറസ്റ്റ് ചെയ്തു.