നടി പായല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

single-img
6 September 2018

പ്രമുഖ ബംഗാളി നടി പായല്‍ ചക്രവര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിലിഗുരിയിലെ ഹോട്ടല്‍ മുറിയില്‍ ഇന്നലെ രാവിലെയോടെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗാങ്‌ടോക്കിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച വൈകിട്ടാണ് നടി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്. എന്നാല്‍ രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്ന് നേരിട്ടെത്തി പരിശോധിച്ചു. മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും ഡോര്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി ബംഗാളി സിനിമകളില്‍ അഭിനയിച്ച പായല്‍ ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് നടി വിവാഹമോചിതയായത്.