രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും മോദിയെ വിമര്‍ശിച്ചും മുതിര്‍ന്ന ബിജെപി നേതാവ് തരുണ്‍ വിജയുടെ ട്വീറ്റ്

single-img
5 September 2018

ചൊവ്വാഴ്ച രാത്രി പത്തോടെയാണ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും മോദിയെ വിമര്‍ശിച്ചും ബിജെപി നേതാവ് തരുണ്‍ വിജയുടെ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ആദ്യ ട്വീറ്റ് രാഹുലിന്റെ കൈലാസ് മാനസരോവര്‍ യാത്രയെ എതിര്‍ത്ത ബി.ജെ.പിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു.

തീര്‍ത്ഥയാത്ര പോകാനുള്ള ഒരാളുടെ ആഗ്രഹത്തെ വിമര്‍ശിക്കാന്‍ അര്‍ക്കും അധികാരം ഇല്ലന്നായിരുന്നു ട്വീറ്റ്. രാഹുല്‍ ഗാന്ധിയുടെ കൈലാസ യാത്രയെ പരിഹസിച്ചതും അതിനെതിരെ മോശം കമന്റ് പറഞ്ഞതും തെറ്റാണ്. ഒരു ഹിന്ദു അങ്ങനെ ചെയ്യില്ല എന്നതായിരുന്നു അടുത്ത ട്വീറ്റ്.

പിന്നീട് വന്ന ഒരു ട്വീറ്റ് ഡിലീറ്റ് ചെയ്തു. നരേന്ദ്ര മോദി പിന്നിലുണ്ടെന്നുള്ള അഹങ്കാരമാണ് തരുണ്‍ വിജയിക്ക് എന്നാണ് ആ ട്വീറ്റില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതോടെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന വിശദീകരണവുമായി തരുണ്‍ വിജയ് രംഗത്തെത്തി. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്.

രാത്രിയും പകലും അവര്‍ക്കുവേണ്ടിയാണ് ഞാനും എന്റെ കുടുംബവും പ്രവര്‍ത്തിക്കുന്നത്. എന്റെ കുടുംബം ബിജെപിക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് എന്നും തരുണ്‍ വിജയ് പറഞ്ഞു. ഹാക്ക് ചെയ്തതിനാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തതായും സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.