എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ല: മീശ നോവലിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
5 September 2018

എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.

പുസ്തകത്തിന്റെ ഒരുഭാഗം മാത്രം എടുത്ത് വായിച്ചല്ല പുസ്തകത്തിന്റെ നിരോധനം ആവശ്യപ്പെടേണ്ടത് എന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.

നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. അത് ഉറപ്പിച്ചാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്. മീശയില്‍ വിശ്വാസത്തെയും സ്ത്രീകളെയും അപമാനിക്കുന്ന തരത്തില്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

നേരത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ നോവല്‍ പിന്‍വലിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് നോവലിസ്റ്റ് എസ് ഹരീഷിന് പിന്തുണയുമായി എത്തുകയും നോവല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുകയായിരുന്നു. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ് ഹരീഷ് പ്രതികരിച്ചു.