പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി: സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍

single-img
5 September 2018

പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പാര്‍ട്ടിയും വനിതാകമ്മീഷനും രണ്ടും രണ്ടാണ്. യുവതിയുടെ പരാതി കമ്മീഷന് കിട്ടിയില്ല. പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പോലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതികളനുസരിച്ച് അവര്‍ അത് കൈകാര്യം ചെയ്യുമെന്നും ജോസഫൈന്‍ പറഞ്ഞു.

ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു. ഈ യുവതിക്ക് പോലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.