ശശിക്കെതിരെ സര്‍ക്കാരല്ല, പാര്‍ട്ടിയാണ് നടപടിയെടുക്കേണ്ടതെന്ന് ഇ.പി ജയരാജന്‍: ഡിവൈഎഫ്‌ഐ നേതൃത്വം പ്രതിരോധത്തില്‍

single-img
5 September 2018

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്‌ക്കെതിരായ ലൈംഗിക അതിക്രമണ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന്റെ മുന്നില്‍ ഇതുവരെ പ്രശ്‌നം വന്നിട്ടില്ല. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കുമെന്നും ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ആഘോഷപരിപാടികള്‍ റദ്ദാക്കിയുള്ള ഉത്തരവില്‍ മാറ്റമില്ല. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ കൈകോര്‍ക്കുന്ന രാജ്യാന്തര കണ്‍സള്‍ട്ടിങ് കമ്പനിയായ കെപിഎംജിയെ ഇ.പി അനുകൂലിച്ചു. പഠനറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരുടെയും ജാതകം നോക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതിനിടെ പികെ ശശി എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതൃത്വം പ്രതിരോധത്തില്‍. വനിതാ നേതാവിന്റെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറയുന്ന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിതന്നെയാണ് സമവായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.

പരാതിക്കാര്യം സിപിഎം ജനറല്‍സെക്രട്ടറി ശരിവയ്ക്കുമ്പോഴും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഇക്കാര്യമറില്ലെന്നാവര്‍ത്തിക്കുകയാണ്. ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയംഗമായ പെണ്‍കുട്ടി ആദ്യം ഇതേ ഘടകത്തില്‍തന്നെയാണ് പരാതിയുന്നയിക്കുന്നതും.

പരാതി സ്വീകരിക്കാതെ നേതൃത്വം തഴഞ്ഞു. സിപിഎം നേതാക്കള്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് മുഖം രക്ഷിക്കല്‍ നടപടിയുമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് ചര്‍ച്ച നടത്തിയത്. എന്നാല്‍ ശശിക്കെതിരെ പരസ്യപ്രതികരണത്തിന് ഒരു ഡിവൈഎഫ്‌ഐ നേതാവും ഇതുവരെ തയ്യാറായിട്ടില്ല.

അനുനയ നീക്കങ്ങളുടെ ഭാഗമായി ഒരാഴ്ച മുമ്പ് പെണ്‍കുട്ടിക്ക് പണവും ഡിവൈഎഫ്‌ഐ സംസ്ഥാനസമിതിയിലേക്ക് സ്ഥാനക്കയറ്റവും നേതാക്കള്‍ വാഗ്ദാനം ചെയ്തു. ബൃന്ദ കാരാട്ടിന് നല്‍കിയ പരാതിയിലും തീരുമാനമാവാത്തതിനെ തുടര്‍ന്നാണ് വിഎസ് പക്ഷ നേതാക്കളുടെ പിന്തുണയോടെ വനിതാ നേതാവ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതിഅയക്കുന്നത്.

നേരത്തെ, ഡിവൈഎഫ്‌ഐയിലെ രണ്ട് നേതാക്കളുമായി ഈ പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന പ്രചരണം നടത്താനും ശ്രമം നടന്നിരുന്നതായി നേതാക്കള്‍ പറയുന്നു. ഈസാഹചര്യത്തില്‍ പി കെ ശശിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം.