അര്‍ണബും റിപബ്ലിക് ടി.വിയും മാപ്പ് പറയാന്‍ ഉത്തരവ്

single-img
5 September 2018

ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ റിപബ്ലിക് ടി.വിയും അര്‍ണാബ് ഗോസ്വാമിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിഗ് അതോറിറ്റി. ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്നും എന്‍.ബി.എസ്.എ പറഞ്ഞു.

ജിഗ്നേഷ് മേവാനി എംഎല്‍എയുടെ റാലി പരാജയപ്പെട്ടതായി ചാനല്‍ റിപ്പോര്‍ട്ടര്‍ ശിവാനി ഗുപ്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജനങ്ങളില്‍ ഒരാള്‍ അവരെ അധിക്ഷേപിച്ചതായി റിപബ്ലിക്ക് ടിവി ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ എ സിംഗ്, പ്രതീക്ഷതാ സിംഗ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് എന്‍ബിഎസ്എയുടെ നടപടി.

‘എനിക്ക് അയാളുടെ മുഖം വട്ടം വരച്ച് കാണണം. ഇത്ര മോശമായ ഗുണ്ടകളുടെ കുടുംബം ഇത് കാണുന്നതിനും ഇക്കാര്യം അറിയുന്നതിനും ഞാന്‍ ആഗ്രഹിക്കുന്നു. ജിഗ്നേഷ് മേവാനിയുടെ ഫ്‌ളോപ്പ് ഷോയിലാണ് ഇത് നടന്നത്. ഈ ആളുകളുടെ പേര് പുറത്ത് വിടണം. എനിക്ക് അവരെ നാണംകെടുത്തണമെന്നും’ അര്‍ണാബ് പറഞ്ഞിരുന്നു.

ഒരു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ അര്‍ണാബ് ഗോസ്വാമി അധിക്ഷേപകരമായ പല പദപ്രയോഗങ്ങളും ഉപയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഇമെയിലായി ലഭിച്ചതോടെ ചാനല്‍ വീഡിയോ വെബ്‌സെറ്റില്‍ നിന്നും യൂട്യൂബില്‍ നിന്നും നീക്കിയിരുന്നു.