പാക്കിസ്ഥാന് നല്‍കി വരുന്ന 300 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായവും അമേരിക്ക നിര്‍ത്തലാക്കി

single-img
2 September 2018

പാക്കിസ്ഥാനു നല്‍കിവന്നിരുന്ന 300 മില്യണ്‍ യുഎസ് ഡോളറിന്റെ സഹായം റദ്ദാക്കുന്നതായി യുഎസ് സൈന്യം. സഖ്യകക്ഷി പിന്തുണ ഫണ്ടെന്നാണ് ഈ ഫണ്ട് അറിയപ്പെടുന്നത്. ഭീകരത തടയാന്‍ പാക്കിസ്ഥാന്‍ മതിയായ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക സഹായം നിര്‍ത്തലാക്കിയത്.

ഇരു രാജ്യങ്ങളും തമ്മില്‍ നിലവില്‍ മോശമായിക്കൊണ്ടിരിക്കുന്ന ബന്ധത്തെ ഈ നീക്കം ബാധിക്കും. പാക്കിസ്ഥാനില്‍നിന്നു നുണയും ചതിയുമാണു ലഭിക്കുന്നതെന്നു വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈ വര്‍ഷം ആദ്യം പാക്കിസ്ഥാനുള്ള ധനസഹായം നിര്‍ത്തലാക്കിയിരുന്നു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഈയാഴ്ച പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് നടപടിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ അമേരിക്ക പാക്കിസ്ഥാന് നല്‍കിവന്നിരുന്ന സുരക്ഷാ സാമ്പത്തിക സഹായവും നിര്‍ത്തലാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നതു പാക്കിസ്ഥാനാണെന്നാണു യുഎസിന്റെ വാദം. നിലപാടു മാറ്റിയാല്‍ സഹായം പുനഃസ്ഥാപിക്കാമെന്നാണു യുഎസ് അറിയിച്ചിരിക്കുന്നത്.