സംസ്ഥാനത്ത് ചികിത്സ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു

single-img
2 September 2018

പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ചില ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി. എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണം.

രോഗം മൂര്‍ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്‍സിലിന്‍ ചികിത്സ ആവശ്യമായി വരും, അതുകൊണ്ടുതന്നെ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യതയും ഇതിനുവേണ്ട മുന്‍കരുതലുകളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. പെന്‍സിലിന്‍ ചികിത്സയെപ്പറ്റി കൃത്യമായ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങുന്നതാണ്. ഈ കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ നല്‍കും.

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ചികിത്സാ പ്രോട്ടോകോള്‍

1. രക്ഷാപ്രവര്‍ത്തനത്തിന് പോയവരും സന്നദ്ധ പ്രവര്‍ത്തകരും നിര്‍ബന്ധമായും പ്രതിരോധ ഗുളിക കഴിച്ചിരിക്കണം

2. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോയവരും നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എംജി ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്

3. സാധാരണയായി 100 എംജിയിലുള്ള ഡോക്‌സിസൈക്ലിനാണുള്ളത്. അതിനാല്‍ തന്നെ 100 എംജിയിലുള്ള രണ്ട് ഗുളികകള്‍ ഒരുമിച്ച് കഴിക്കേണ്ടതാണ്. കഴിഞ്ഞ ആഴ്ച ഗുളിക കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കണം

4. പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്താവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്

5. പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്

6. പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും ഗുരുതരാവസ്ഥയിലെത്തിക്കും

7. എല്ലാ ക്യാമ്പുകളിലും രക്ഷാപ്രവര്‍ത്തകര്‍ക്കും പ്രതിരോധ ഗുളികകള്‍ ആരോഗ്യവകുപ്പ് വ്യാപകമായി നല്‍കിയിരുന്നെങ്കിലും പലരും കഴിക്കാന്‍ വിമുഖത കാട്ടിയിരുന്നതായി ആരോഗ്യവകുപ്പിന് പിന്നീടുള്ള നിരീക്ഷണത്തില്‍ ബോധ്യമായി. അവര്‍ എത്രയും വേഗം ആഹാരത്തിന് ശേഷം ഗുളിക കഴിക്കേണ്ടതാണ്