കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

single-img
2 September 2018

സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. കഴിഞ്ഞ ദിവസം 40 ലേറെ പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

എലിപ്പനി ബാധിച്ച് ഇന്നലെ മാത്രം എട്ട് പേരാണ് മരിച്ചത്. ഏറ്റവുമധികം മരണം സംഭവിച്ചത് കോഴിക്കോട് ജില്ലയിലാണ്. മൂന്ന് പേരാണ് കോഴിക്കോട് എലിപ്പനി ബാധിച്ച് മരണപ്പെട്ടത്. രണ്ടു ദിവസത്തിനകം 20 പേരാണ് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും എലിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്.

സംസ്ഥാനത്ത് 92 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 28 പേര്‍ കോഴിക്കോട് സ്വദേശികളാണ്. എല്ലാ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലില്‍ ഏതെങ്കിലും രീതിയിലുള്ള ചെറിയ മുറിവെങ്കിലും ഉണ്ടെങ്കില്‍ അതിന് ആന്റിസെപ്റ്റിക് ലോഷനുകള്‍ ഉപയോഗിക്കണമെന്ന പ്രത്യേക നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

അതോടൊപ്പം കൈയുറകളും കാലുറകളും നിര്‍ബന്ധമായും ഈ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നവര്‍ ധരിക്കണം. പ്രതിരോധ ഗുളികള്‍ എല്ലാ ആശുപത്രികളിലും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രതിരോധ ഗുളികള്‍ കഴിച്ചിട്ടുള്ളവരാണെങ്കിലും ഈ ആഴ്ചയും തുടര്‍ന്ന് കഴിക്കണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരു എലിപ്പനി കോര്‍ണര്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രമായി 16 സ്ഥലങ്ങളിലായി ഒരു നഴ്‌സും ഡോക്ടറുമടങ്ങുന്ന പ്രത്യേക താല്‍ക്കാലിക ആശുപത്രികള്‍ ഉടന്‍ തുടങ്ങുന്നതായിരിക്കും. നാളെ വൈകുന്നേരത്തോടെ ഇത് പൂര്‍ണമായും സജ്ജമായി പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡെങ്കിപ്പനിക്കായി തുടങ്ങിയ പ്രത്യേക വാര്‍ഡ് എലിപ്പനിക്കായി ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1. എന്താണ് എലിപ്പനി ?

എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ഒരു ബാക്ടീരിയ മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. ലെപ്‌ടോസ്‌പൈറ എന്ന ഗ്രൂപ്പില്‍ പെട്ടതാണ് ഈ ബാക്ടീരിയ.

2. എങ്ങനെയാണ് ഈ രോഗം പടരുക ?

രോഗം ഉള്ളതോ, രോഗാണു വാഹകരോ ആയ മറ്റു മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കുടിയാണ് അസുഖം പകരുക. സാധാരണയായി ഒഴുക്കില്ലാതെ കെട്ടികിടക്കുന്ന വെള്ളത്തിലും, നനവുള്ള പ്രതലത്തിലും, അതുപോലെ ചെളിയുള്ള മണ്ണിലൂടെയും ഒക്കെ അസുഖം പകരാം. നമ്മുടെ ശരീരത്തില്‍ ഉള്ള മുറിവുകള്‍, ചെറിയ പോറലുകള്‍ ഇവ വഴിയാണ് രോഗാണു അകത്തു കിടക്കുക.നമ്മുടെ നാട്ടില്‍ പ്രധാനമായും രോഗം പരത്തുന്നത് എലികളാണ്.

3. എന്താണ് രോഗലക്ഷണങ്ങള്‍?

രോഗാണു അകത്തു കടന്നാല്‍ ഏകദേശം 5-15 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകും. കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയല്‍, കടുത്ത ക്ഷീണം ഇവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ച് വേദന, ശ്വാസം മുട്ടല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരിക, കാലിലും മുഖത്തും നീരുണ്ടാകുക. കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപിത്തം പോലെയുള്ള ലക്ഷണങ്ങള്‍ കാണാം.

4. എന്തൊക്കെ ഗുരുതരാവസ്ഥ ഉണ്ടാകാം ?

സമയത്ത് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. മരണം വരെ സംഭവിക്കാം.

5. രോഗം എങ്ങനെ തടയാം ?

* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.

* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങാനിടയായവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക ഡോക്‌സിസൈക്ലിന്‍ 200 മില്ലിഗ്രാം കഴിക്കുന്നതു ഗുണപ്രദം.

* മനുഷ്യവാസപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂമ്പാരങ്ങളിലാണ് എലികള്‍ പെറ്റുപെരുകുന്നത്.

* വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

* കുളങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തല്‍ക്കുളങ്ങളില്‍ മാലിന്യം കലരാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുക.

* ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെര്‍മാംഗനേറ്റ്, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.

* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക

* കൃഷിയിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ അത് ഉണങ്ങുന്നതുവരെ ചെളിവെള്ളത്തിലിറങ്ങരുത്.

* കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.

* കുടിക്കാന്‍ തിളപ്പിച്ചാറിച്ച വെള്ളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷന്‍ നടത്തുക.

* എലികള്‍ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.

* ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ എലികള്‍ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കള്‍ അടച്ചു സൂക്ഷിക്കുക

* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചവിട്ടാനിടയായാല്‍ അണുനാശിനി ചേര്‍ത്ത വെള്ളത്തില്‍ കാല്‍ കഴുകുക.

* പുറത്തു സഞ്ചരിക്കുമ്പോള്‍ ഉപയോഗിക്കുന്ന പാദരക്ഷകള്‍ വീടിനുളളില്‍ ഉപയോഗിക്കരുത്.

* കൈകാലുകളില്‍ മുറിവുകളുണ്ടായാല്‍ ബാന്‍ഡേജ് ചെയ്ത് സൂക്ഷിക്കുക.