റാഫേല്‍ ഇടപാടില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന സൂചനയുമായി രാഹുലിന്റെ ട്വീറ്റ്: പപ്പുവില്‍ നിന്നും ഗപ്പുവിലേക്കാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി

single-img
31 August 2018

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ മോദിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാറിനെ ആഗോള അഴിമതിയെന്ന് വിശേഷിപ്പിക്കുന്ന രാഹുല്‍ റഫാല്‍ വിമാനം ഇപ്പോള്‍ ഏറെ ഉയരത്തിലും വേഗത്തിലും പറക്കുകയാണെന്നും രണ്ടാഴ്ചക്കുളളില്‍ ഈ വിമാനം ബങ്കറുകള്‍ തകര്‍ക്കുന്ന ശക്തിയേറിയ ബോംബുകള്‍ വര്‍ഷിക്കുമെന്നും ട്വീറ്റ് ചെയ്തു. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ദി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ ട്വീറ്റ്.

അതിനിടെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി രംഗത്തെത്തി. പപ്പുവില്‍ നിന്നും പരദൂഷണം പറഞ്ഞ് പരത്തുന്ന ഗപ്പുവിലേക്കാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ യാത്ര എന്നതായിരുന്നു നഖ്‌വിയുടെ വിമര്‍ശനം. പപ്പുവില്‍ നിന്നും ഗപ്പുവിലേക്ക് യാത്ര ചെയ്യുന്ന ഒരാള്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ അസത്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

അത്തരത്തിലുള്ള ആളുകള്‍ യുക്തിരഹിതമായും ന്യായവിരുദ്ധമായുമാണ് സംസാരിക്കുന്നത്. അഴിമതി ആസൂത്രണം ചെയ്യുന്നവര്‍ക്ക് എവിടെ നോക്കിയാലും അഴിമതി മാത്രമേ കാണാന്‍ സാധിക്കൂ. അവര്‍ക്ക് രാജ്യത്തിന്റെ വികസനത്തെയോ, സര്‍ക്കാരിന്റെ നല്ല ഭരണത്തെയോ കാണാന്‍ സാധിക്കില്ല എന്നും നഖ്‌വി കുറപ്പെടുത്തി.

റാഫേല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പരസ്പരം വാഗ്‌വാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നഖ്‌വിയുടെ ഈ പരാമര്‍ശം. ധനമന്ത്രി അരുണ്‍ ജെയ്റ്റിലും രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.