മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 1000 കോടി കവിഞ്ഞു

single-img
31 August 2018

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യാഴാഴ്ചരാത്രി എട്ടുവരെ 1026 കോടിരൂപ സംഭാവനയായി ലഭിച്ചു. ബാങ്ക് പെയ്‌മെന്റ് ഗേറ്റ്‌വേകള്‍ വഴി 145 കോടി രൂപയും യു.പി.ഐ. വഴി 1.04 കോടിയും ഓണ്‍ലൈന്‍ സംഭാവനയായി ലഭിച്ചു. പേറ്റിഎം വഴി 45 കോടിയും ലഭിച്ചു.

ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ 610.73 കോടി രൂപയും മറ്റു ബാങ്കുകളില്‍ 39.29 കോടിയും നിക്ഷേപമായി ലഭിച്ചു. കൂടാതെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെക്കുകളും ഡ്രാഫ്റ്റുകളുമായി 185 കോടിയും ലഭിച്ചിട്ടുണ്ട്.

ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച തുകയും ഫെസ്റ്റിവല്‍ അലവന്‍സ് തുകയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓണ്‍ലൈനായി സംഭാവന നല്‍കിയവരുടെ എണ്ണം 4.17 ലക്ഷമാണ്.