മലക്കംമറിഞ്ഞ് കേന്ദ്രം; പ്രളയകാലത്ത് നല്‍കിയ അരിയുടെ വില ദുരിതാശ്വാസ നിധിയില്‍നിന്ന് ഈടാക്കുമെന്ന് റാംവിലാസ് പാസ്വാന്‍

single-img
31 August 2018

പ്രളയകാലത്തു കേരളത്തിനു നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍നിന്ന് (എന്‍ഡിആര്‍എഫ്) ഈടാക്കുമെന്നു ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാന്‍. കേരളത്തില്‍ നിന്നെത്തിയ എംപിമാരുടെ സംഘത്തെയാണ് അദ്ദേഹം നിലപാടറിയിച്ചത്.

89,000 ടണ്‍ അരി കേരളത്തിന് കേന്ദ്രം അധികം അനുവദിച്ചിരുന്നു. തല്‍ക്കാലം വില ഈടാക്കാതെ അരി നല്‍കാനായിരുന്നു എഫ്‌സിഐയ്ക്കു നല്‍കിയ നിര്‍ദേശം. അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നല്‍കണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.

കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തുക ഈടാക്കില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ഒരുമാസത്തെ റേഷന്‍ വിഹിതമായ 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.