കാസര്‍കോട് അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി എന്ന പ്രചരണം വ്യാജം; ഒളിച്ചോട്ട നാടകം പോലീസ് പൊളിച്ചു; യുവതി പിടിയിലായത് കാമുകനൊപ്പം

single-img
31 August 2018

കാസര്‍കോട് ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടമെന്ന് പൊലീസ്. കാണാതായ മീനു (22), മൂന്നു വയസുള്ള മകന്‍ എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതായി യുവതി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.

മാലോത്തെ ബൈക്ക് മെക്കാനിക്ക് കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണില്‍ വിളിച്ചു തന്നെ ചിലര്‍ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും മീനു പറഞ്ഞിരുന്നു.

ഫോണ്‍ സംഭാഷണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കരഞ്ഞു കൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. വീട്ടിലുള്ള സാധനങ്ങള്‍ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു.

ഇതോടെ പൊലീസും മാധ്യമങ്ങളും സ്ഥലത്ത് കുതിച്ചെത്തി. സംഭവം വലിയ വാര്‍ത്തയായതോടെ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി പികെ സുധാകരന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.

യുവതി കഴുത്ത് മുറിച്ച നിലയില്‍ ഭര്‍ത്താവിന് ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഇത് വ്യാജമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ അന്വേഷണം മറ്റൊരു ദിശയിലേക്ക് മാറ്റി. യുവതിയുടെ നമ്പറിലേക്ക് തുടര്‍ച്ചായി വന്ന ഫോണ്‍ കോള്‍ പരിശോധിച്ച പൊലീസ് ടവര്‍ ലോക്കേഷന്‍ കണ്ടെത്തുകയായിരുന്നു. പ്രാപൊയില്‍ സ്വദേശി വിനുവിനൊപ്പം കോഴിക്കോട് നിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്.