മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിന്റെ ‘തലയില്‍ കെട്ടിവെച്ച്’ മോദി സര്‍ക്കാര്‍

single-img
30 August 2018

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെടുത്തി കവി വരവരറാവു ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ പുണെ പൊലീസിന്റെ നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനകളുടെ പട്ടിക 2012ല്‍ തയാറാക്കിയതു മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണെന്നും അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ചിലര്‍ ഈ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 128 സംഘടനകളുടെ പട്ടിക 2012ലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഈ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ വരവരറാവു, സുധ ഭരദ്വാജ്, അരുണ്‍ ഫെറേറ, വെര്‍നണ്‍ ഗൊണ്‍സാല്‍വസ്, മഹേഷ് റാവട്ട്, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവര്‍ക്ക് ഈ പട്ടികയിലെ ചില സംഘടനകളുമായി അടുത്ത ബന്ധമാണുള്ളതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അറസ്റ്റ് സംബന്ധിച്ചും അന്വേഷണ പുരോഗതി സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് പുണെ പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് വിവിധ സംഘടനകളുമായുള്ള ബന്ധവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ ആശയങ്ങളുമായി ബന്ധമില്ലാത്ത സംഘടനകളുമായും ഇവര്‍ പരസ്പരധാരണയില്‍ എത്തിയിരുന്നതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം സുപ്രീംകോടതി ഉത്തരവ് പ്രകാരം അറസ്റ്റിലായ എല്ലാവരേയും സ്വവസതികളിലേയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ തിരികെ കൊണ്ട് വന്നു.