ഗാഡ്ഗില്‍ പറയുന്നത് ശരിയെങ്കില്‍ വനത്തില്‍ എങ്ങനെ ഉരുള്‍പൊട്ടുമെന്ന് പി.സി. ജോര്‍ജ്: കാലാവസ്ഥ സംരക്ഷിച്ചാലും പ്രകൃതി ദുരന്തമുണ്ടാകുമെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ

single-img
30 August 2018

തിരുവനന്തപുരം: അശാസ്ത്രീയമായ വികസനങ്ങളാണ് ദുരന്തത്തില്‍ കലാശിക്കുകയെന്ന് ഗാഡ്ഗില്‍ പറയുന്നത് ശരിയെങ്കില്‍ വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെയെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പി.സി. ജോര്‍ജിന്റെ പരാമര്‍ശം.

പ്രളയക്കെടുതിയില്‍ തന്റെ മണ്ഡലത്തില്‍ ഏഴ് ജീവനുകള്‍ നഷ്ടപ്പെട്ടു, ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. തൊട്ടരുകില്‍ അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന പാറമട ഒരുപക്ഷേ ഉരുള്‍പൊട്ടലിന് കാരണമായതാവാമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ശാസ്ത്രീയ വശങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം തന്നെ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നും പുനരധിവാസ പദ്ധതി നടത്തിപ്പുകളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും ആവശ്യപ്പെട്ട പി.സി. ജോര്‍ജ് സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം മൂന്നാറിലെ ഹോട്ടലുകള്‍ പൊളിച്ചതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ തടയാനാവില്ലെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ എന്നിവര്‍ പറഞ്ഞതൊന്നുമല്ല അതിന് അപ്പുറമാണ് കാര്യങ്ങളെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

ഡാമുകള്‍ വന്നതുകൊണ്ടോ, കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ, പ്ലംജുഡി റിസോര്‍ട്ട് പൂട്ടാന്‍ നോട്ടീസ് കൊടുക്കുന്നതുകൊണ്ടോ പ്രകൃതിയുടെ വിധിയെ നമുക്ക് മറികടക്കാന്‍ കഴിയില്ലെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.