കേരളത്തിന് ലോകബാങ്ക് വായ്പ നല്‍കും: ലോകബാങ്കില്‍നിന്ന് വായ്പയെടുക്കരുതെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക്

single-img
29 August 2018

പ്രളയബാധിത കേരളത്തിന് ലോകബാങ്ക് വായ്പ നല്‍കും. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പദ്ധതികള്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും നടപടികള്‍ ഉദാരമാക്കുമെന്നും ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ഇഷാം അബ്ദു വ്യക്തമാക്കി.

കുടിവെള്ളം, ഡ്രെയിനേജ്, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പദ്ധതിക്ക് പണം നല്‍കും. സംസ്ഥാനം പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. അതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരവും ലഭിക്കണം. പദ്ധതിരേഖകളുടെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് സഹായം നല്‍കുക.

സാധാരണഗതിയില്‍ മൂന്ന് വര്‍ഷം വരെ സമയമെടുത്താണ് ലോകബാങ്ക് വായ്പ അനുവദിക്കാറുള്ളത്. കേരളത്തിലെ പ്രത്യേക അവസ്ഥ പരിഗണിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്ന് പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. ലോകബാങ്ക് പ്രതിനിധികള്‍ വൈകുന്നേരം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തും.

ലോകബാങ്കിന്റെ സഹായം ലഭിക്കാനായി കേരളം ചെയ്യേണ്ട മറ്റൊരു കാര്യം വായ്പാപരിധി ഉയര്‍ത്തുക എന്നതാണ്. നിലവില്‍ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് സംസ്ഥാനത്തിന് വായ്പയെടുക്കാനാകുക. അത് നാലര ശതമാനമാക്കി ഉയര്‍ത്തണമെന്ന് കേരളം കേന്ദ്രധനകാര്യ സഹമന്ത്രിയെക്കണ്ട് ഉന്നയിച്ചിട്ടുണ്ട്.

അതേസമയം ലോകബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ പാടില്ലെന്നു സിപിഎം പറഞ്ഞിട്ടില്ലെന്നു മന്ത്രി തോമസ് ഐസക്. നിബന്ധനകള്‍ ഉണ്ടാകാന്‍ പാടില്ല എന്നു മാത്രമേ നിലപാടുള്ളൂ. വിദേശ ഏജന്‍സികള്‍ ഇടനിലക്കാരായി ഉണ്ടാകില്ല. ‘കില’ ആയിരിക്കും നടത്തിപ്പ് ഏജന്‍സി. വിദേശ ഓഡിറ്റിങ്ങും ഉണ്ടാകില്ല. സിഎജി ആയിരിക്കും ഓഡിറ്റിങ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.