പ്രളയത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി; ‘കേന്ദ്ര സഹായം കേരളത്തിന്റെ അവകാശമാണ്; പുതിയ പാക്കേജ് പ്രഖ്യാപിക്കണം; ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാം’

single-img
29 August 2018

കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കേരളത്തിലെത്തിയത് ജനങ്ങളുടെ ദുരിതം നേരിട്ടു മനസിലാക്കാനും അവരോടൊപ്പം നില്‍ക്കാനുമാണ്. ഇത് തന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കടമയാണെന്നും രാഹുല്‍ പറഞ്ഞു.

ഡാം തുറന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാനില്ലെന്നും രാഹുല്‍ പറഞ്ഞു. പുനരധിവാസത്തെ കുറിച്ച് ജനങ്ങള്‍ ആശങ്കാലുക്കളാണ്. സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അവരെ ധരിപ്പിക്കാന്‍ സാധിക്കണം. അവര്‍ക്ക് വേണ്ട കൗണ്‍സിലിങ്ങും മറ്റ് സഹായങ്ങളും നല്‍കണം.

നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 10,000 രൂപ എത്രയും പൈട്ടന്ന് ലഭ്യമാക്കണം. കേന്ദ്ര സര്‍ക്കാറും കൂടുതല്‍ സഹായം നല്‍കരണം. ഉപാധികളില്ലാതെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ദുരന്തത്തെ കേരളം നേരിട്ടത് അങ്ങേയറ്റം മനസാന്നിധ്യത്തോടു കൂടിയാണ്.

കേരളം ഇതിനെ നേരിട്ട രീതിയെ അഭിനന്ദിക്കുന്നു. അതില്‍ താന്‍ അഭിമാനിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കൂടിയാണ് താന്‍ കേരളത്തില്‍ വന്നത്. ഭരണമില്ലെങ്കിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ തൃപ്തനാണ്.

കേരളത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്ന എന്ത് കാര്യവും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണം. അത് കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്. കേരളത്തിന് അര്‍ഹതപ്പെട്ട സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല.

ക്യാമ്പുകളില്‍ ഞാന്‍ ഒരുപാട് ആളുകളെ കണ്ടു ജനങ്ങള്‍ ആശങ്കയിലാണ്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കേണ്ട ആവശ്യകതയെ കുറിച്ചുള്ള ചോദ്യത്തിന് ഇത്തരം കാര്യങ്ങളോട് താനിപ്പോള്‍ പ്രതികരിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. രണ്ട് വീക്ഷണകോണുകളാണ് രാജ്യത്തുള്ളത്.

ഒന്ന് കേന്ദ്രീകൃതവും രണ്ടാമത്തേത് വികേന്ദ്രീകൃതവും. ആദ്യത്തേത് നാഗ്പുര്‍ അടിസ്ഥാനമാക്കിയ പ്രത്യയശാസ്ത്രത്തെ മാത്രമാണ് അംഗീകരിക്കുന്നത്. രണ്ടാമത്തേത് എല്ലാ തരത്തിലുമുള്ള ആശയങ്ങളേയും സംസ്‌ക്കാരങ്ങളേയും ജനവിഭാഗങ്ങളേയും അംഗീകരിക്കുന്നു. ഇവ രണ്ടും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.