കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നല്‍കണമെന്ന് സുപ്രീംകോടതി; 2016-17 വര്‍ഷം പ്രവേശനം റദ്ദായ വിദ്യാര്‍ഥികളുടെ തുക ഇരട്ടിയായി മടക്കി നല്‍കാനും ഉത്തരവ്

single-img
29 August 2018

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് ചിലവിനത്തില്‍ ഈടാക്കിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.

2016-17 വര്‍ഷം പ്രവേശനം റദ്ദായ വിദ്യാര്‍ഥികളുടെ തുക ഇരട്ടിയായി മടക്കി നല്‍കണം. വിദ്യാര്‍ഥികള്‍ക്ക് അടുത്ത മാസം മൂന്നിനകം പണം നല്‍കണം. 10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും നല്‍കാനും കോടതി നിര്‍ദേശിച്ചു.

സെപ്റ്റംബര്‍ 3 ന് അകം വിദ്യാര്‍ത്ഥികള്‍ക്ക് തുക നല്‍കിയതിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് കൈമാറിയാല്‍ ഈ വര്‍ഷം കോളേജില്‍ പ്രവേശനം നടത്താം എന്നും കോടതി ഉത്തരവിലുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകളിലേക്കു മാനേജ്‌മെന്റ് നടത്തിയ പ്രവേശനമാണു കോടതി റദ്ദാക്കിയിരുന്നത്.

ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനുള്ള പ്രവേശനാനുമതി ആരോഗ്യ സര്‍വകലാശാലയും റദ്ദാക്കിയിരുന്നു. പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണു പ്രവേശനം റദ്ദാക്കിയത്.

ഇത്തരത്തില്‍ പ്രവേശനം റദ്ദായതോടെ പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ തുക തിരികെ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അതു നടപ്പാക്കിയിരുന്നില്ല. ഇതിനാലാണു വിഷയത്തില്‍ സുപ്രീംകോടതി കര്‍ശനമായ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചത്.