ഭീമാകാരമായ കരങ്ങള്‍ക്കുള്ളില്‍ ഈ പാലം ഭദ്രം

single-img
29 August 2018

ആദ്യത്തെ കാഴ്ചയില്‍ തന്നെ അദ്ഭുതപ്പെടുത്തുന്ന ഒരു പാലം. തദ്ദേശീയ ഭാഷയില്‍ കോ വാങ് എന്ന് വിളിപ്പേരുള്ള ഈ സുവര്‍ണപാലം വിയറ്റ്‌നാമിലാണ് സ്ഥിതി ചെയ്യുന്നത്. ഭീമാകാരമായ ഇരുകൈകളില്‍ പാലത്തെ താങ്ങി നിര്‍ത്തിയത് പോലെയാണ് ഇതിന്റെ നിര്‍മ്മിതി.

150 മീറ്റര്‍ നീളമുള്ള ഈ സുവര്‍ണ പാലത്തെ കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം എന്നാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. ടനാങ് നഗരത്തിന്റെ മുഴുവന്‍ കാഴ്ചകളും ഈ പാലത്തിന്റെ മുകളില്‍ നിന്നും ആസ്വദിക്കാം. ചുറ്റും പച്ചയണിഞ്ഞു നില്‍ക്കുന്ന വനവും ഉള്ളത് കൊണ്ട് ധാരാളമാളുകളാണ് ഈ പാലം കാണാനായി എത്തുന്നത്.

വിയറ്റ്‌നാമിലെ ടനാങ് എന്ന സ്ഥലം തന്നെ അതിമനോഹരമാണ്. 1919 ല്‍ ഫ്രഞ്ചുകാര്‍ ഇവിടെയൊരു ഹില്‍ സ്റ്റേഷന്‍ പണികഴിപ്പിച്ചിരുന്നു. അക്കാലത്തു പണികഴിപ്പിച്ചതാണ് 150 മീറ്റര്‍ നീളമുള്ള സുവര്‍ണ പാലം. അന്നുമുതല്‍ തന്നെ സഞ്ചാരികളുടെ പ്രിയയിടമാണിവിടം.

അതിസുഖകരമായ കാലാവസ്ഥയും വനത്തിന്റെ ഭംഗിയുമൊക്കെയാണ് ടനാങിലേക്ക് സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നത്. വിനോദ സഞ്ചാര സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് ഇവിടെയിപ്പോള്‍ മെഴുകു മ്യൂസിയവും കോട്ടയും ആരാധനാലയവും കേബിള്‍ കാറുകളുമൊക്കെ ഒരുക്കിയിട്ടുണ്ട്.

സുവര്‍ണ പാലം സന്ദര്‍ശിക്കാനെത്തിയ ഭൂരിഭാഗം സഞ്ചാരികളുടെയും അഭിപ്രായം ലോകത്തിന്റെ പലഭാഗങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇത്രയധികം മനോഹരമായ പാലങ്ങള്‍ അപൂര്‍വമാണെന്നു തന്നെയാണ്. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികളാണ് വിയറ്റ്‌നാം ഗവണ്മെന്റ് ഇപ്പോള്‍ ചെയ്തു വരുന്നത്.