ഒരു മാസത്തെ ശമ്പളത്തോടൊപ്പം രണ്ടു പവനിലേറെ വരുന്ന സ്വര്‍ണമാല കൂടി ഊരി നല്‍കി: ചരിത്രപരമായ ദൗത്യത്തില്‍ പുതിയ മാതൃക സൃഷ്ടിച്ച് ഷമീമ ടീച്ചര്‍

single-img
28 August 2018

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്ത സാലറി ചലഞ്ചി’ന് വന്‍പിന്തുണയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് നിരവധി പേരാണ് രംഗത്തുവന്നത്.

എന്നാല്‍ സാലറി ചലഞ്ചില്‍ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഷമീമ ടീച്ചര്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘വണ്‍ മന്ത് ഫോര്‍ കേരള’ ക്യാംപയിനില്‍ പങ്കാളിയായ ഷമീമ ടീച്ചര്‍ ഒരു മാസത്തെ തന്റെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു മാറ്റിവച്ചതിനൊപ്പം ഏറെ കാലമായി കഴുത്തിലണിഞ്ഞു നടന്നിരുന്ന 16.280 ഗ്രാം വരുന്ന സ്വര്‍ണമാലയും ഊരി നല്‍കുകയായിരുന്നു.

പ്രളയബാധിതരായ ലക്ഷക്കണക്കിനാളുകളുടെ അവസ്ഥ വച്ചു നോക്കുമ്പോള്‍ താന്‍ ചെയ്തത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നു മാഹി പള്ളൂര്‍ സ്വദേശിയായ ഷമീമ ടീച്ചര്‍ അഭിപ്രായപ്പെട്ടു. കലക്ടറേറ്റിലെത്തിയ ടീച്ചര്‍ ഡപ്യൂട്ടി കലക്ടര്‍ സി.എം. ഗോപിനാഥനു മാല കൈമാറുകയായിരുന്നു.

കേരളം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള പ്രതികരണങ്ങളാണു നമുക്കിടയില്‍നിന്നുണ്ടാവുന്നതെന്ന് സി.എം. ഗോപിനാഥ് അഭിപ്രായപ്പെട്ടു. അത്തരമൊരു ശ്ലാഘനീയമായ പ്രവര്‍ത്തനമാണു ടീച്ചറുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.