നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും അധികമെന്ന് മുഖ്യമന്ത്രി: ‘പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല അതിജീവിച്ച കേരളമെന്ന് നമ്മുടെ നാടിനെ ചരിത്രം രേഖപ്പെടുത്തും’

single-img
28 August 2018

തിരുവനന്തപുരം: പ്രളയംമൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ പ്രാഥമികമായി വിലയിരുത്തിയതിലും അധികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പുനര്‍നിര്‍മാണം എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ നാം ഒന്നിച്ചുനിന്ന് അതിനെ നേരിടും. ഒന്നാംഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ഇനിയുള്ളത് പുനരധിവാസവും പുനര്‍നിര്‍മാണവുമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നവരെ സംരക്ഷിക്കും. വാഹനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തും. ബാങ്കുകള്‍ തുറന്നാലുടന്‍ പതിനായിരം രൂപ അക്കൗണ്ടിലേക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമര്‍ശനം ഉന്നയിക്കാനായി മാത്രം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്. മഴക്കെടുതിയെ സര്‍ക്കാര്‍ നേരിട്ട രീതികളെയും ഫണ്ട് വിനിയോഗത്തെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

‘പ്രതിപക്ഷനേതാവിന് എന്തു പറ്റിയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. നേരത്തെ എല്ലാം പഠിച്ച് കാര്യം പറയുന്ന ആളായിരുന്നു. വിമര്‍ശനം ഇല്ലെങ്കില്‍ പ്രതിപക്ഷം ആകില്ലെന്ന് ആരെങ്കിലും പറഞ്ഞതുകൊണ്ടായിരിക്കും ഇത്തരം പ്രതികരണം. ഓഖി ദുരന്തത്തില്‍ 107 കോടി രൂപയുടെ ഫണ്ടാണ് ലഭിച്ചത്. 65.68 കോടിരൂപ ചെലവഴിച്ചു.

84.90 കോടിരൂപ ചെലവുവരുന്ന പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേന്ദ്ര ഫണ്ട് അടക്കം 201.69 കോടിരൂപയുടെ ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു പൈസപോലും മറ്റു കാര്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടില്ല, ചെലവഴിക്കില്ല’ മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി ഇനിയും പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഈ ഘട്ടത്തിലാണോ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.