മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് വന്‍ പിന്തുണ

single-img
27 August 2018

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഏറ്റെടുത്ത് കേരളം. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുതല്‍ സാധാരണക്കാരായ മലയാളികള്‍ വരെ ആയിരങ്ങളാണ് ഇതിനോടകം സാലറി ചലഞ്ച് ഏറ്റെടുത്തത്.

ഒരു മാസത്തെ ശമ്പളം ഒരുമിച്ച് നല്‍കുന്നതിന് പകരം മുന്നു ദിവസത്തെ ശമ്പളം പത്തുമാസമായിട്ട് നല്‍കിയാലും മതിയെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല, വിദേശത്ത് നിന്നടക്കം വലിയ പ്രകരണമാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് ലഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന സോഷ്യല്‍ മീഡിയയും വലിയ രീതിയില്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മലയാളികള്‍ മാത്രം മതിയെന്ന വികാരത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിപ്പിക്കുന്ന മെസേജുകളും കമന്റുകളും. അഭ്യര്‍ഥന ചില ചാനലുകളില്‍ നടത്തിയതിനു ശേഷം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും മുഖ്യമന്ത്രി ഇത് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനുള്ള ലൈക്കും ഷെയറുകളും പതിനായിരങ്ങള്‍ ഇതിനകം കടന്നിട്ടുണ്ട്.

ഇതുകൂടാതെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ ഓരോ മിനുട്ടിലും നിരവധിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. കൂടാതെ പലരും മുന്‍കൂട്ടി ശമ്പളം അക്കൗണ്ടിലേയ്ക്ക് നല്‍കിയ കാര്യവും വിളിച്ചും മെസേജിലൂടെയും അറിയിക്കുന്നുണ്ട്.

ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവര്‍ണര്‍ പി സദാശിവം ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി. രാജ്ഭവനില്‍ വെച്ചാണ് ചീഫ് സെക്രട്ടറി ടോം ജോസിന് ഗവര്‍ണര്‍ 2,50,000 രൂപയുടെ ചെക്ക് കൈമാറിയത്. നേരത്തെ ആഗസ്റ്റ് 14ന് ഗവര്‍ണര്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അഡ്വ.ജനറല്‍ സി.പി.സുധാകരപ്രസാദ്, മന്ത്രിമാരായ ജെ.മെഴ്‌സിക്കുട്ടിയമ്മ, പ്രതിപക്ഷ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അന്‍വന്‍ സാദത്ത്, വി.എസ്.ശിവകുമാര്‍ എന്നിവര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും എന്നറിയിച്ചു.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഒരു മാസത്തെ ശമ്പളം നല്‍കും. എക്‌സൈസിലെ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ഋഷിരാജ് സിംഗ് പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ 3,700 അംഗങ്ങളും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസിലെ ജീവനക്കാരും തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും എന്നറിയിച്ചിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ ഒരു മാസത്തെ ഹോണറോറിയം നല്‍കും. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫ് അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എസ്.സിഎസ്.ടി കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവോജി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ അരുള്‍ കൃഷ്ണ, അഗ്‌നിശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍, ഔഷധി ചെയര്‍മാന്‍ കെ.ആര്‍.വിശ്വംഭരന്‍,എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സി.ബാബു സെബാസ്റ്റ്യന്‍ എന്നിവരും തങ്ങളുടെ ഒരു മാസത്ത ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും എന്നറിയിച്ചിട്ടുണ്ട്.