ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി

single-img
27 August 2018

ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡു ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടര്‍ന്നായിരുന്നു ജേക്കബ് തോമസിനെ സസ്‌പെന്‍ഡു ചെയ്തത്.

തലസ്ഥാനത്തെ പ്രസ്‌ക്ലബില്‍ അഴിമതിവിരുദ്ധ ദിനാചരണയോഗത്തില്‍ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഇതുള്‍പ്പടെ നിശിത വിമര്‍ശനങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചിരുന്നത്. അഴിമതിക്കാര്‍ തമ്മില്‍ സംസ്ഥാനത്ത് ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുള്ളതിനാല്‍ അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണെന്നും പറഞ്ഞ ജേക്കബ് തോമസ്, 51 വെട്ടു വെട്ടിയില്ലെങ്കിലും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

ഭരണം എന്നാല്‍ ഗുണനിലവാരമില്ലാത്ത സേവനം നല്‍കുന്ന സംഭവമാണോ എന്നു ചോദിച്ച ജേക്കബ് തോമസ് ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും വലിയ പരസ്യം കാണുമ്പോള്‍ ഭരണത്തിനു ഗുണനിലവാരമില്ലെന്ന് ഓര്‍ക്കണമെന്നും പറഞ്ഞിരുന്നു.