ഭാരത് പെട്രോളിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ 25 കോടിയുടെ സംഭാവന ബി.ജെ.പിയുടേതാക്കി വ്യാജപ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
27 August 2018

തിരുവനന്തപുരം: ഭാരത് പെട്രോളിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ 25 കോടിയുടെ സംഭാവന ബി.ജെ.പി നല്‍കിയതാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഭാരത് പെട്രോളിയം പ്രതിനിധികള്‍ 25 കോടിയുടെ ചെക്ക് കൈമാറുന്ന ചിത്രത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ബി.ജെ.പിയുടെ രാജ്യസഭാംഗമായ വി.മുരളീധരനുമുണ്ടായിരുന്നു.

ഈ ചിത്രം ഉപയോഗിച്ചാണ് ബി.ജെ.പി അനുകൂലികള്‍ പാര്‍ട്ടിയില്‍ നിന്നുമുള്ള സംഭാവന എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വ്യാജപ്രചരണം നടത്തിയത്. ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബി.ജെ.പി കേന്ദ്ര മന്ത്രിമാരും എം.പിമാരും സംഭാവന കൊടുക്കുന്നു.

ഇനിയൊന്നും കിട്ടിയില്ലയെന്ന് പറയരുത്’. എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രിക്ക് കൈമാറുന്ന ചെക്കില്‍ വ്യക്തമായി ഭാരത് പെട്രോളിയം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് ഉടന്‍ തന്നെ നിരവധി പേര്‍ രംഗത്തുവന്നതോടെ വ്യാജപ്രചരണം പൊളിഞ്ഞു.