തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയയ്ക്ക് ‘കടിഞ്ഞാണുമായി’ മോദി സര്‍ക്കാര്‍

single-img
26 August 2018

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ അട്ടിമറിക്കാന്‍ സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നത് കര്‍ശനമായി തടയുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ്. ജനാധിപത്യത്തിന്റെ വിശ്വാസ്യതയും പവിത്രതയും കാത്തുസൂക്ഷിക്കുമെന്നും അത് നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജന്റീനയില്‍ ഡിജിറ്റല്‍ ഇക്കണോമി സംബന്ധിച്ച ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ പ്രക്രിയയുടെ വിശുദ്ധിയുടെ കാര്യത്തില്‍ ഒരുവിധത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ ഇന്ത്യ ഒരുക്കമല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലെ ദുരുപയോഗ പ്രവണതകള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിധ്വംസകമായ ആശയങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനെ പ്രാദേശികമായും അന്താരാഷ്ട്ര സഹകരണത്തോടെയും അഭിമുഖീകരിക്കേണ്ടതുണ്ട്. സൈബര്‍ ഇടത്തെ സുരക്ഷിതമാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ട്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യ വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്. എന്നാല്‍, തീവ്രവാദം അടക്കമുള്ളവയ്ക്ക് വിവരങ്ങളുടെ സ്വകാര്യത ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. എല്ലാത്തരം സൈബര്‍ ഭീഷണികളേയും കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.