പ്രധാനമന്ത്രിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യാന്‍ സൈബര്‍ സഖാക്കള്‍ വളര്‍ന്നിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍

single-img
24 August 2018

പ്രളയദുരിതത്തില്‍ മുങ്ങിത്താണ കേരളത്തെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയാണ് ശോഭ സുരേന്ദ്രന്‍.

കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രധാനമന്ത്രി ആയതിന് ശേഷം ഇത് വരെ ഒരു ദിവസം പോലും അവധി എടുക്കാതെ കർമ്മ നിരതൻ ആയിരിക്കുന്ന, എത്രയോ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്തിട്ടുള്ള ശ്രീ നരേന്ദ്ര മോദിയെ ആത്മാർത്ഥത പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന സൈബർ ലോകത്തെ സഖാക്കളോട് ഒന്നേ പറയാൻ ഉള്ളൂ. അദ്ദേഹം എന്താണെന്നും അദ്ദേഹത്തിന്റെ ആത്മാർത്ഥത എത്ര ആണെന്നും ഇവിടുത്തെ ജനങ്ങൾക്ക് നന്നായി അറിയാം.

അർഹത ഇല്ലാത്ത ക്രിമിനൽ പശ്ചാത്തലം പോലും ഉള്ള ആളെ മന്ത്രി കസേരയിൽ ഇരുത്തിയതിന്റെ കൂടി ഫലം ആയാണ് ദുരന്തം ഇത്ര വലുതായത്. ആ ജാള്യത മറക്കാനും ഇടത് പക്ഷ സർക്കാരിന്റെ പിടിപ്പ് കേട് ഒളിച്ചു വെക്കാനും ആയി നിങ്ങൾ നടത്തുന്ന വൃത്തികെട്ട നാടകങ്ങൾക്കൊന്നും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ആവില്ല.

ഓഖി ദുരന്തം ഉണ്ടായപ്പോൾ കിട്ടിയ കോടികൾ ഉൾപ്പെടെ അർഹതപെട്ടവരുടെ കൈകളിൽ എത്തിയോ എന്നുള്ളത് നിങ്ങൾ അന്വേഷിക്കൂ, അപ്പോൾ മനസ്സിലാകും അർഹതപെട്ടവന്റെ കൈകളിലേക്ക് തന്നെ സഹായം എത്തണം എന്നു നിർബന്ധബുദ്ധിയുള്ള പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം. കക്ഷി രാഷ്ട്രീയത്തിനതീതമായി ഒറ്റകെട്ടായി ജനങ്ങളും രാഷ്ട്രീയ പ്രവർത്തകരും ഒക്കെ പ്രവൃത്തിച്ചതിനിടക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നു പോലും അരിയും സാധനങ്ങളും മോഷ്ടിച്ചു കടത്തുന്ന ലോക്കൽ സെക്രട്ടറിമാരും നിങ്ങളുടെ നേതാക്കൾക്കിടയിൽ ഉണ്ടായി എന്നുള്ളത് മറന്നു പോവരുത്.

അങ്ങനെ ഉള്ള നിങ്ങളുടെ നേതാക്കൻമാരെ നിലക്ക് നിർത്തുകയാണ് ആത്മാർത്ഥമായ ജനസ്നേഹം ആണ് നിങ്ങൾക്കുള്ളതെങ്കിൽ ചെയ്യേണ്ടത്. നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും പറ്റി അപവാദ പ്രചരണം നടത്തുന്നതും അദ്ദേഹത്തിന് നേരെ അസഭ്യ വർഷം നടത്തുന്നതും ഒക്കെ പാഴ്മുറം കൊണ്ടു സൂര്യനെ മറയ്ക്കാൻ ശ്രമിക്കുന്നത് പോലെ വിഫലം ആകുക മാത്രമേ ഉള്ളു.
ജയ് ഹിന്ദ്.