തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

single-img
24 August 2018

ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് (80) ട്രെയിനില്‍നിന്നു വീണു മരിച്ചു. രാവിലെ അഞ്ചരയോടെ എറണാകുളം നോര്‍ത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം.

ഗുജറാത്തില്‍നിന്നു തിരിച്ചു വരികയായിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ പിന്നില്‍ വാതില്‍ ശക്തിയായി വന്നടിക്കുകയും അത്തനാസിയോസ് ട്രാക്കിലേക്ക് തലയിടിച്ചു വീഴുകയുമായിരുന്നു.

ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയ ശേഷവും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തെ ട്രാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം പിന്നീട് നടക്കും.

1938 ഏപ്രില്‍ മൂന്നിനായിരുന്നു അത്തനാസിയോസിന്റെ ജനനം. പുത്തന്‍കാവ് കിഴക്കെത്തലയ്ക്കല്‍ കെ.ടി.തോമസും കോഴഞ്ചേരി തേര്‍വേലില്‍ തെള്ളിരേത്ത് ഏലിയമ്മായുമാണ് മാതാപിതാക്കള്‍. ആലപ്പുഴയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം എം.ടി സെമിനാരി സ്‌കൂള്‍, സി.എം.എസ് കോളേജ്, എസ്.ബി കോളേജ് ചങ്ങനാശേരി, എന്‍.എസ്.എസ് കോളേജ് ചങ്ങനാശേരി, കൊല്‍ക്കത്ത സെരാംപോര്‍ കോളേജ്, ബറോഡ എം.എസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് പൗരോഹിത്യത്തിലേക്ക് തിരിഞ്ഞു. 1985 ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതല്‍ അദ്ദേഹമാണ് ഭദ്രാസനാധിപന്‍. ഓര്‍ത്തഡോക്‌സ് സഭാ സിനഡ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

വിഭ്യാഭ്യാസ മേഖലയിലായിരുന്നു അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു. അവിടെയെല്ലാം അദ്ദേഹം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു.

ഓര്‍ത്തോഡ്ക്‌സ് സഭാ സിനഡ് സെക്രട്ടറി, സഭാ സ്‌കൂളുകളുടെ മാനേജര്‍, അഖില മലങ്കര ബാലസമാജം പ്രസിഡന്റ്, അഖില മലങ്കര പ്രാര്‍ഥനാ യോഗം പ്രസിഡന്റ്, സഭാ അക്കൗണ്ട്‌സ് കമ്മിറ്റി പ്രസിഡന്റ്, സഭാ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സഭയുടെ വിഷ്വല്‍ മീഡിയ കമ്യൂണിക്കേഷന്‍ പ്രസിഡന്റ്, സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരന്‍, അഖില മലങ്കര ഓര്‍ത്തഡോക്‌സ് ഗായക സംഘം പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു വരികയാണ്.