‘ഇത്തിരി ലജ്ജ എന്നൊന്ന് മുഖ്യമന്ത്രിയുടെ നിഘണ്ടുവിലുണ്ടെങ്കില്‍ ലോകം മുഴുവനുള്ള മലയാളികളോട് മാപ്പ് പറയണം’; പരിഹാസവുമായി കെ.സുരേന്ദ്രന്‍

single-img
24 August 2018

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയുണ്ടെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്നെ ആയിരിക്കണമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. ആരുപറഞ്ഞിട്ടാണ് മുഖ്യമന്ത്രി യു.എ.ഇയുടെ ധനസഹായം പ്രഖ്യാപിച്ചത്? ഇത്തിരി ലജ്ജ എന്നൊന്ന് മുഖ്യമന്ത്രിയുടെ നിഘണ്ടുവിലുണ്ടെങ്കില്‍ ലോകം മുഴുവനുള്ള മലയാളികളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയുണ്ടെങ്കില്‍ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്ന ആയിരിക്കണം. പിന്നെ തോമസ് ഐസക്കിനും കോടിയേരിക്കുമെതിരേയും.

ഈ ഇല്ലാത്ത കാര്യം ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. പിന്നെ മോദി അത് മുടക്കി എന്നു പറഞ്ഞ് തോമസ് ഐസക്കും കോടിയേരിയും. അതേറ്റുപിടിച്ച് ജിഹാദികളും സി പി എം അണികളും നാടാകെ മോദിക്കെതിരെ നീചമായ പ്രചാരണവും.

പ്രളയത്തെ തുടര്‍ന്ന് ജനങ്ങളില്‍ ഉയര്‍ന്നു വന്ന അസാധാരണമായ ഐക്യബോധം തകര്‍ക്കാനാണ് ഒരു വിഭാഗം തീവ്രവാദികള്‍ ഇതുവഴി ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ വാളില്‍ക്കയറി തീവ്രവാദികള്‍ അങ്ങേയറ്റം വൃത്തികെട്ട വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചു.

അതിനെല്ലാം കാരണമായതാവട്ടെ ഊരും പേരുമില്ലാത്ത മുഖ്യമന്ത്രിയുടെ ഒരു പ്രഖ്യാപനവും. ആരുപറഞ്ഞിട്ടാണ് മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചത്? ആര്‍ത്തിപ്പണ്ടാരമായ തോമസ് ഐസക് ആവട്ടെ മോദിയെ പട്ടിയോടുപമിച്ച് ട്വീറ്റുക വരെ ചെയ്തു. കോടിയേരിയുടേത് കേന്ദ്രത്തോടുള്ള യുദ്ധപ്രഖ്യാപനവും.

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത് അതിനേക്കാള്‍ അപ്പുറമായിപ്പോയി. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ കോടിയേരി ഐസക്ക് മുതലായവരേ നിങ്ങളുടെ അന്ധമായ ഈ മോദി വിരോധം. ഇതുകൊണ്ട് ആര്‍ക്കാ നേട്ടം. കുറച്ച് മതതീവ്രവാദികള്‍ക്കല്ലാതെ. ഇത്തിരി ലജ്ജ എന്നൊന്ന് നിങ്ങളുടെ നിഘണ്ടുവിലുണ്ടെങ്കില്‍ ലോകം മുഴുവനുള്ള മലയാളികളോട് നിങ്ങള്‍ മാപ്പുപറയണം.