നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി

single-img
23 August 2018

കൊച്ചി: പ്രളയത്തേത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. വെള്ളം കയറിയതിനേത്തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.

എയര്‍ലൈനുകളുടേയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ്. ഇവരില്‍ പലരും സ്ഥലത്തില്ല. തൊട്ടടുത്തുള്ള ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചിട്ട നിലയിലാണ്. മധ്യകേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറിയിട്ടില്ല.

ഇവയെല്ലാം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. 29ന് രണ്ടു മണിമുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക.