Science & Tech

പ്രളയജലം വലിച്ചെടുക്കുന്നതിനായി സോഡിയം പോളി അക്രിലേറ്റ് ഉപയോഗിക്കാമോ?വിദഗ്ദ്ധര്‍ പറയുന്നതിങ്ങനെ

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിലെ പലവീടുകളിലും വെള്ളമിറങ്ങിയ ശേഷവും ദുരിതം ബാക്കിയാവുകയാണ്. വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന ചെളിവെള്ളം നീക്കുന്നത് ശ്രമകരമായിരിക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ സോഡിയം പോളി അക്രിലേറ്റ് എന്ന രക്ഷകന്‍ അവതരിച്ചത്. വളരെപ്പെട്ടെന്നു തന്നെ സംഭവം കത്തിപ്പടരുകയും ചെയ്തു. ഇതാണ് പോസ്റ്റ് ‘സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വെള്ളം പരല്‍ രൂപത്തില്‍ കട്ടകള്‍ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം.’ എന്ന കുറിപ്പോടെയാണ് സംഗതി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

എന്നാല്‍ ഇതിന്‍റെ യാഥാര്‍ത്ഥ്യം എന്താണ്, ഗവേഷകനായ സുരേഷ് സി പിള്ള പറയുന്നത് ഇങ്ങനെയാണ്.

സോഡീയം പോളീ അക്രിലേറ്റ് വലിയ അപകടകാരം അല്ല. പക്ഷെ ഇത് ജെല്‍ ആയിക്കഴിഞ്ഞാൽ പിന്നെ വെള്ളം കോരി ക്കളയുന്നതിലും പ്രയാസമാകും ഇത് നീക്കം ചെയ്യുന്നത്. വെള്ളം ഒരു ബക്കറ്റു കൊണ്ടോ, കൂടുതൽ ഉണ്ടെങ്കിൽ പമ്പു വച്ചോ നീക്കം ചെയ്യാം. പരൽ പോലെ നീക്കം ചെയ്യാം എന്നൊക്കെ ആരോ എഴുതിയത് വായിച്ചു. അങ്ങിനെ പറ്റില്ല. കൂടാതെ കലങ്ങിയ വെള്ളത്തിൽ സ്വാഭാവികമായി അതിന്‍റെ ആഗിരണ ശേഷി നന്നായി കുറയുകയും ചെയ്യും.

ആകെ ഒരു ചെളിക്കുളം പോലെ ആകും. പിന്നെ ഇരട്ടി ജോലി ചെയ്യേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ വെള്ളം, വെള്ളമായി തന്നെ കോരിക്കളയാം അത് മണ്ണിൽ അലിഞ്ഞു പൊയ്ക്കൊള്ളും. സോഡീയം പോളീ അക്രിലേറ്റ് വെള്ളത്തിൽ ആഡ് ചെയ്തു പരിസ്ഥിതി മലിനമാക്കുക മാത്രമല്ല, ജോലിയും ഇരട്ടി ആകും എന്നാണ് എന്റെ അഭിപ്രായം.

സോഡിയം പോളി അക്രിലേറ്റ് ആണ് ഇപ്പോൾ ഫേസ്ബുക്കിലെ താരം ധാരാളം സുഹൃത്തുക്കൾ ഇൻബോക്സിലും ഫോൺ ചെയ്തും ചോദിച്ച…

Posted by സുരേഷ് സി പിള്ള on Monday, August 20, 2018

സുജിത് കുമാർ കുമാർ ഈ വിഷയത്തിൽ എഴുതിയതും കാണുക

വെള്ളം കയറിയ മുറികൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സോഡിയം പോളി അക്രിലേറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒരു കുറിപ്പ് ഫേസ് ബുക്കിലും വാട്സപ്പിലുമൊക്കെ കറങ്ങി നടക്കുന്നു. അതായത് ഭാരത്തിന്റെ 1000 മടങ്ങ് വെള്ളം വലിച്ചെടുക്കാൻ കഴിയുന്ന സോഡീയം പോളീ അക്രിലേറ്റ് തറയിൽ പാദം മൂടി വെള്ളം ഉള്ള 100 sq. ft. മുറിയിൽ ഏകദേശം 200 ഗ്രാം പൊടി വിതറിയാൽ ആ വെള്ളം മുഴുവൻ ഉണങ്ങി പരൽ രൂപത്തിൽ ആകും. എന്നാണ്‌ പറയുന്നത്. സംഗതിയൊക്കെ ശരിയാകാം. എല്ലാവരുടേയും സംശയം ഈ രാസവസ്തു അപകടകരമാണോ അല്ലയോ എന്നാണ്‌ ? അതിലേക്ക് കടക്കും മുൻപ് മറ്റൊരു ചോദ്യം ചോദിക്കട്ടെ..

നമ്മുടെ വീടുകളിൽ പാദം വരെ വെള്ളം നിൽക്കുകയാണെങ്കിൽ എന്താണ്‌ സാധാരണയായി ചെയ്യുക? ഒരു വൈപ്പർ ഉപയോഗിച്ച് അത്രയൊന്നും ആയാസമില്ലാതെ അടിച്ച് പുറത്തേക്ക് കളയും. ഇനി ഇപ്പറയുന്ന സോശിയം പോളി അക്രിലേറ്റ് ഉപയോഗിച്ചാലോ? ആദ്യം അത് മുറി മുഴുവൻ വിതറണം. അതും ഒരു പോലെ എല്ലായിടത്തും എത്തണം. എങ്കിൽ മാത്രമേ 1000 ഇരട്ടീ വെള്ളം വലിച്ചെടുക്കൂ. അതായത് വെള്ളം വലിച്ചെടുക്കാൻ ഇത് നന്നായി ഇളക്കിക്കൊടുക്കണം. ഇങ്ങനെ ഇളക്കി വെള്ളമൊക്കെ വലിച്ചെടുത്താൽ തന്നെ ഇതൊന്ന് അടിച്ച് വാരി എടുക്കണ്ടേ? പിന്നെ വെള്ളപ്പൊക്കത്തിൽ മുറിയിലേക്ക് കയറുന്ന വെള്ളം അഴുക്കില്ലാത്ത തെളിഞ്ഞ ശൂദ്ധജലം ഒന്നുമല്ലല്ലോ. പോളി അക്രിലേറ്റ് വെള്ളത്തെ മാത്രമേ വലിച്ചെടുക്കൂ. കലങ്ങിയ വെള്ളം ആണെങ്കിൽ ആനുപാതികമായി അതിന്റെ ആഗിരണ ശേഷിയും സ്വാഭാവികമായും കുറയും. സംഗതി പുല്ല് തിന്നുന്ന ഏട്ടിലെ പശു ആണെങ്കിലും പ്രായോഗിക തലത്തിൽ എത്ര കണ്ട് ഇത് ഉപകാരപ്പെടുമെന്ന് ചിന്തിക്കുക.

ഇനി ഇത് അപകടകരമാണോ അല്ലയോ എന്ന് നോക്കാം. സാനിട്ടറി നാപ്കിനുകളിലും ഡയപ്പറുകളിലുമൊക്കെ ഉപയോഗിക്കുന്ന ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരവുമല്ലാത്തത് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഒരു രാസവസ്തുവാണ്‌ സോഡീയം പോളീ അക്രിലേറ്റ്. പൊടി രൂപത്തിൽ ശ്വസിച്ചാൽ അല്ലറ ചില്ലറ തുമ്മലും ചീറ്റലുമൊക്കെ ഉണ്ടാവുകയല്ലാതെ മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും അറിയുന്നു. കണ്ണിൽ വീഴാതെ നോക്കുകയും വേണം .

ചുഴലിക്കാറ്റും പേമാരിയും അതിനു ശേഷമുള്ള വീട് വൃത്തിയാക്കലുമൊക്കെ എല്ലാ വർഷവും ഒരു ആചാരം പോലെ അനുഷ്ടിച്ച് പോരുന്ന അമേരിക്കക്കാർ ഇങ്ങനെ ഒരു സാധനത്തിന്റെ സാദ്ധ്യതകൾ പ്രായോഗിക തലത്തിൽ ഉണ്ടെങ്കിൽ എപ്പോഴോ ഉപയോഗത്തിൽ കൊണ്ടുവന്നേനെ. ഇതുകൊണ്ട് വൃത്തിയാക്കുന്നതിലും എളുപ്പം നമ്മൾ സാധാരണ വൈപ്പറും മോപ്പറും ചൂലും ഒക്കെ ഉപയോഗിച്ച് വെള്ളം അടിച്ച് കളയുന്നത് ആയിരിക്കും. സോഡിയം പോളി അക്രിലേറ്റ് ഉപയോഗിച്ച് മുറീ വൃത്തിയാക്കാമെന്ന ആശയം പങ്കുവച്ച കർണ്ണാടകത്തിലെ ചില സ്കൂൾകുട്ടീകളെക്കുറിച്ചുള്ള ഒരു വാർത്ത കണ്ടു നോക്കുക.
അതിൽ കാണിക്കുന്നുണ്ട് എങ്ങിനെയാണ്‌ ഇതുകൊണ്ട് മുറി വൃത്തിയാക്കുന്നതെന്ന്. കണ്ടതിനു ശേഷം പറയുക ഇങ്ങനെ വൃത്തിയാക്കുന്നതാണോ എളുപ്പം അതൊ നമ്മൾ സാധാരണ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളിലൂടെ വൃത്തിയാക്കുന്നതാണോ എന്ന്.

വെള്ളം കയറിയ മുറികൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സോഡിയം പോളി അക്രിലേറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒരു കുറിപ്പ് ഫേസ്…

Posted by സുജിത് കുമാർ on Monday, August 20, 2018