ദുരന്തത്തിൽ എല്ലാം നഷ്ടമായവർക്ക് തങ്ങളുടെ രണ്ടേക്കർ ഭൂമി ദാനം നൽകി ഉദ്യോഗസ്ഥ ദമ്പതികൾ

single-img
22 August 2018

പ്രളയക്കെടുതിയിൽ എല്ലാം നഷ്ടമായവർക്ക് തങ്ങളുടെ രണ്ടേക്കർ ഭൂമി ദാനം നൽകി ഉദ്യോഗസ്ഥ ദമ്പതികൾ. ഒരു ജന്മം കൊണ്ട് സമ്പാദിച്ചുകൂട്ടിയ എല്ലാം നഷ്ടമായവരുടെ വേദനയാണ് ദമ്പതികളെ ഈ സത്കർമ്മത്തിന് പ്രേരിപ്പിച്ചത്. പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്‌പെക്ടർ എം. ഗണേശനും പെരിയാർ വില്ലേജ് ഓഫീസിലെ യുഡി ക്ലാർക്കായ ഭാര്യ എഴിൽ അരശിയുമാണ് രപളയബാധിതർക്ക് സഹായവുമായി രംഗത്തെത്തിയത്.

തങ്ങൾ താമസിക്കുന്ന അഞ്ച് സെന്റ് സ്ഥലം ഒഴികെയുള്ള ഭൂമി വിട്ടുനൽകാനാണ് ഇവർ സന്നദ്ധത അറിയിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാർ ടൗണിൽ നിന്ന് നാലുകിലോമീറ്റർ അകലെ കടശിക്കാട് എന്ന സ്ഥലത്താണ് ഭൂമി. വണ്ടിപ്പെരിയാർ പശുമലയിൽ തേയിലത്തോട്ടം തൊഴിലാളികളായിരുന്ന പരേതനായ മാടസ്വാമി കനകമ്മ ദമ്പതികളുടെ മകനാണ് ഗണേശൻ. കനകമ്മ എസ്‌റ്റേറ്റിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ പെൻഷൻ തുകയും ഗണേശന്റെയും ഭാര്യയുടെയും സമ്പാദ്യവും ഉപയോഗിച്ച് 2010 ൽ വിലയ്ക്കുവാങ്ങിയ സ്ഥലമാണ് ദാനം ചെയ്യുന്നതെന്നു ഗണേശൻ പറഞ്ഞു.

വൻകിട തേയിലത്തോട്ടങ്ങളുടെ അധീനതയിലാണ് വണ്ടിപ്പെരിയാർ പ്രദേശത്തെ ഭൂമിയുടെ ഏറിയപങ്കും. രണ്ടും മൂന്നും തലമുറകളായി തോട്ടത്തിൽ ജോലി ചെയ്ത തൊഴിലാളികൾ വിരമിക്കുമ്പോൾ താമസിക്കാൻ സ്ഥലമില്ലാത്ത അവസ്ഥ ഇപ്പോൾ നിലവിലുണ്ട്. വലിയ വില നൽകി ഭൂമി വാങ്ങി വീടുവച്ച് താമസിക്കാൻ കഴിവില്ലാത്ത ധാരാളം ജനങ്ങളുണ്ട്. അങ്ങനെയുള്ളവർ റോഡ്, തോട് പുറമ്പോക്കുകൾ കൈയേറി കുടിൽകെട്ടി താമസിക്കുകയാണ് ചെയ്യുക. ഈ പുറമ്പോക്ക് നിവാസികളാണ് ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടതൽ ദുരിതം അനുഭവിച്ചത്.

പാവപ്പെട്ട കുടുംബത്തിൽ ജനിച്ച തനിക്ക് മറ്റാരെക്കാളും ഇവരുടെ വേദന നേരിട്ടു മനസിലാകുമെന്ന് ഗണേശൻ പറയുന്നു. അതുകൊണ്ടാണ് വീട് വയ്ക്കാൻ ഭൂമിയില്ലാത്തവർക്ക് തന്റെയും കുടുംബത്തിന്റെയും ആകെയുള്ള സമ്പാദ്യം വിട്ടുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദമ്പതിമാർ ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. ഏതെങ്കിലും സ്വകാര്യ സംരംഭകരോ സന്നദ്ധസംഘടനകളോ പണം മുടക്കുകയാണെങ്കിൽ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുമെന്നുള്ള കാര്യം ആലോചിക്കുമെന്നും ഗണേശൻ പറഞ്ഞു.